കോട്ടയം: അതിശക്തമായ മഴയിൽ കരകവിഞ്ഞ മീനച്ചിലാറിൽ നിന്നും മണിമലയാറിൽ നിന്നും കിഴക്കൻ വെള്ളത്തിന്റെ വരവുകൂടിയതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളം ഉയർന്നു. വിവിധയിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി.

വാഹന ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറി. ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി. എസി കനാലിലും വെള്ളം ഉയർന്നു. ഏറ്റുമാനൂരിലെയും സമീപ പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇന്നലെ വൈകിട്ടോടെ പേരൂർ പായിക്കാട് ഭാഗത്ത് മീനച്ചിലാർ കരകവിഞ്ഞു. 12 വീടുകളിൽ വെള്ളം കയറി, 60 വീടുകവെള്ളത്താൽ ചുറ്റപ്പെട്ടു. പാടശേഖരങ്ങളും ഇടറോഡുകളും വെള്ളക്കെട്ടിൽ. 2 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇല്ലിക്കലിൽ റോഡിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പടിഞ്ഞാറൻ മേഖലകളിലെ ജനങ്ങൾ ആശങ്കയിലാണ്. തിരുവാർപ്പ്, കുമരകം,ചെങ്ങളം മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഇന്നലെ രാത്രിയോടെയാണ് വെള്ളം കയറി തുടങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലായി 35 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 824 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. വൈകുന്നേരത്തോടെ താഴ്ന്ന മേഖലകളിലേക്ക് കൂടുതൽ വെള്ളമെത്താൻ സാധ്യതയുണെന്നാണ് കരുതുന്നത്. മഴ കുറഞ്ഞെങ്കിലും പാലായിൽ നിന്നും വെള്ളമിറങ്ങിയിട്ടില്ല. മീനച്ചിൽ,കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് മഴക്കെടുതിയിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. പാലാ കൊട്ടാരമറ്റം സ്റ്റാൻഡും ചെത്തിമറ്റത്തും റോഡും പൂർണ്ണമായും ഇപ്പോഴും വെള്ളത്തിലാണ്. കോട്ടയം കുമരകം റൂട്ടിൽ ആമ്പക്കുഴി മുതൽ റോഡിൽ വെള്ളം കൂടുതലാണ്.
ഫയൽ ചിത്രം.
.png)