പ്രഭാത നടത്തത്തിനിടെ നെഞ്ചുവേദന; കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മുന്‍ സൂപ്രണ്ടും പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ടി കെ ജയകുമാറിന്റെ ബൈപ്പ


കൊച്ചി: പ്രഭാത നടത്തത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മുന്‍ സൂപ്രണ്ടും പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ടി കെ ജയകുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുകയും പരിശോധന നടത്തുകയുമായിരുന്നു.

 

 ഹൃദയത്തിലേക്കുള്ള രക്തക്കുഴലിൽ തടസ്സമുള്ളതിനാൽ ബൈപ്പാസ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാരുടെ സംഘം വിലയിരുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം ചെയ്തപ്പോൾ മേജർ ബ്ലോക്കുകൾ ഉണ്ടെന്ന് കണ്ടെത്തുവാൻ സാധിച്ചു. പരിശോധിച്ച ഹൃദ്രോഗ വിദഗ്ധന്മാർ ബൈപാസ്സ്‌ സർജറി വേണമെന്ന് അഭിപ്രായപെടുകയായിരുന്നു. മെഡിക്കൽ കോളേജിൽ സർജറി ചെയ്യാം എന്നാണ് ഡോ. ജയകുമാർ പറഞ്ഞത്. എന്നാൽ സഹപ്രവർത്തകരാണ് തങ്ങളുടെ ഗുരു സ്ഥാനീയനായ ആളുടെ സർജറി ചെയ്യുന്നതിനുള്ള മാനസിക സംഘർഷം സൂചിപ്പിച്ചത്.

 

 അതിനെ തുടർന്നാണ് എറണാകുളം ലിസ്സി ഹോസ്പിറ്റലിലെ പ്രശസ്തനായ കാർഡിയോതോറാസിക് സർജൻ പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയാപുറത്തിന്റെ സംഘം ഈ ഉദ്യമം ഏറ്റെടുത്തത്. ഇദ്ദേഹത്തിന്റെ സഹോദരന്റെയും പിതാവിന്റെയും സർജറി നടത്തിയതും ഇദ്ദേഹം  തന്നെയാണ്. നൂറുകണക്കിന് പേരുടെ ജീവൻ രക്ഷികുകയും കോട്ടയം മെഡിക്കൽ കോളേജിനെ നിലവിലെ രൂപത്തിൽ ആക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്ത ഡോക്ടർമാരിൽ ഒരാളാണ് ഡോ. ടി. കെ. ജയകുമാർ എന്ന അനുഗ്രഹീതനായ ഭിഷഗ്വരൻ. നിലവിൽ സർജറിക്കു ശേഷം ആശുപത്രിയിൽ തുടർ ചികിത്സയിലാണ് ഡോ. ജയകുമാർ. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മെഡിക്കൽ കോളേജിലെത്തി ഡോ.ജയകുമാറുമായി സംസാരിച്ചിരുന്നു. സ്പീക്കറുടെ നിർദേശപ്രകാരം യാത്ര സുഗമമാക്കാൻ പോലീസ് പൈലറ്റും നൽകി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുകയും ഡോക്ടർമാരുമായി സംസാരിക്കുകയും ചെയ്‌തു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജന്മാരിൽ ഒരാളാണ് ഡോ. ടി.കെ. ജയകുമാർ. കോട്ടയം മെഡിക്കൽ കോളേജിനെ ഹൃദയചികിത്സാ രംഗത്ത് ദക്ഷിണേന്ത്യയിലെ തന്നെ മുൻനിര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നതിൽ ഡോക്ടർ ജയകുമാറിന്റെ പങ്ക് വലുതാണ്. സ്വകാര്യ ആശുപത്രികളിൽ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന സങ്കീർണ്ണ ഹൃദയശസ്ത്രക്രിയകളും അവയവമാറ്റ ശസ്ത്രക്രിയകളും സർക്കാർ ആശുപത്രി സംവിധാനത്തിൽ ചുരുങ്ങിയ ചെലവിൽ സാധാരണക്കാർക്ക് ലഭ്യമാക്കാൻ അദ്ദേഹം മുന്നിൽ നിന്നു. കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി വിജയകരമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലാണ്. കാർഡിയോതൊറാസിക് ശസ്ത്രക്രിയാ വിഭാഗം തലവനായ ഡോക്ടർ ജയകുമാർ കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായും കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടായും ഉൾപ്പെടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.