കോട്ടയം: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുള്ള പുനഃപരീക്ഷാ പരിശീലനത്തിനിടെ പാലായിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ സഹോദരനെ മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാസർകോട് പള്ളിക്കര മുക്കൂട് സ്വദേശി അർജുനെയാണ് (24) മംഗലാപുരത്തെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ദുബായിൽനിന്ന് മംഗലാപുരം വിമാനത്താവളത്തിലെത്തിയ അർജുൻ രാത്രിയോടെ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. പിറ്റേന്ന് തുറക്കാത്തതിനാൽ ഹോട്ടൽ ജീവനക്കാർ ബജ്പെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും കുടുംബാംഗങ്ങളും എത്തി വാതിൽ തുറന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാസർകോട് തച്ചങ്ങാട് മുക്കൂട് സ്വദേശികളായ മഹേഷ്-രാധിക ദമ്പതികളുടെ മകളായ ഐജ ആർ മഹേഷ് (19), ചോദ്യപേപ്പർ വിവാദങ്ങളും പരീക്ഷ റദ്ദാക്കലുമതുണ്ടാക്കിയ മാനസിക സമ്മർദ്ദത്തെത്തുടർന്ന് 2026 ജൂൺ രണ്ടിനാണ് പാലായിലെ ഹോസ്റ്റലിൽ ജീവനൊടുക്കിയത്. ഉടൻ തന്നെ താഴെയിറക്കി അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സംഭവത്തിനു പിന്നാലെ കുടുംബത്തിലുണ്ടായ ആഘാതവും മാനസിക ബുദ്ധിമുട്ടുകളുമാണ് ഇപ്പോൾ ഈ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. മംഗളൂരു വെൻലോക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം വൈകിട്ട് ബന്ധുക്കൾക്ക് വിട്ടു നൽകി. ദുബായിൽ ഓട്ടോ മൊബൈൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അർജുൻ.
