ഓണപ്പൂവിളികൾക്ക് തുടക്കം, തിരുവോണപ്പുലരിയുടെ വരവറിയിച്ചു അത്തം വിരുന്നെത്തി, പൊന്നോണത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം.


കോട്ടയം: പൊന്നോണത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് അത്തം. ഇനി തിരുവോണത്തിന് പത്തുനാൾ മാത്രം. ഓണം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. ഇതിനോടകം തന്നെ ഓണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു.

 

 ഓണ വിപണിയും ഉണർന്നു കഴിഞ്ഞു. പൂക്കളം തീർക്കാൻ വിപണിയിൽ വർണ്ണശോഭയോടെ വൈവിധ്യങ്ങളായ പൂക്കൾ എത്തിത്തുടങ്ങി.സ്‌കൂളുകളിലും കോളേജുകളിലും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും ഈ ആഴ്ചകളിലായി ഓണാഘോഷ പരിപാടികൾ നടക്കും. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി വരവായി.

 

 അത്തം പിറന്നതോടെ മലയാളി ഓണാവേശത്തിലേക്ക് കടന്നു. ​ഇതിനോടകംതന്നെ ഉപ്പേരി കടകളും ആരംഭിച്ചു കഴിഞ്ഞു. അത്തം പത്തിന് പോണം എന്നാണെങ്കിലും ഇത്തവണ 11–ാം ദിവസമാണ്‌ തിരുവോണം. ചോതിനാൾ രണ്ടുദിവസം വരുന്നതിനാലാണിത്‌. കർക്കടകമാസ അവസാനം അത്തം പിറക്കുന്ന അപൂർവതയും ഇക്കുറിയുണ്ട്. നാളെയാണ് ചിങ്ങപ്പിറവി. 25ന് ഉത്രാടവും 26ന് തിരുവോണവും. മലയാളിയുടെ മുറ്റത്ത് ഇന്ന് മുതൽ പൂക്കളങ്ങൾ വിരിയും.