മരങ്ങാട്ടുപിള്ളി: കൂത്താട്ടുകുളത്ത് നിയന്ത്രണംവിട്ട കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. മരങ്ങാട്ടുപള്ളി കുര്യനാട് മുളയോലിക്കല്‍ സ്വദേശി സണ്ണി ജോണ്‍ (64) ആണ് അപകടത്തിൽ മരിച്ചത്.

വിവാഹത്തിനായി വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടാൻ ഞായറാഴ്ച നെടുമ്പാശ്ശേരിയിലേക്ക് പോകുംവഴി ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിക്കാനായി ആശുപത്രിയിലേക്ക് റോഡരികിലൂടെ നടന്നു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിവാഹത്തിനായി നാട്ടിലെത്തുന്ന റിയാദില്‍ നഴ്‌സായി ജോലി ചെയ്യുന്ന മൂത്ത മകള്‍ ആൻറിയ സണ്ണിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സ്വീകരിക്കാനായി കുടുംബത്തോടൊപ്പം പോകുന്നതിനിടെയായിരുന്നു അതിദാരുണമായ അപകടം ഉണ്ടായത്. യാത്രാമധ്യേ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാൻ കൂട്ടാട്ടുകുളം ദേവമാത ആശുപത്രിക്ക് സമീപം വാഹനം നിർത്തി ആശുപത്രിയിലേക്ക് പോകുന്നതിനായി റോഡരികിലൂടെ നടക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആശുപത്രി മതില്‍ കടന്ന് താഴെ ആശുപത്രി മുറ്റത്തേക്ക് ഇദ്ദേഹം തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിലിടിച്ചാണ് നിന്നത്. പൈക വിളക്കുമാടം സ്വദേശി പുത്തൻപുരയിൽ പ്രിൻസ് ഓടിച്ചിരുന്ന കാർ ആണ് നിയന്ത്രണം വിട്ട് സണ്ണി ജോണിനെ ഇടിച്ചു തെറിപ്പിച്ചത്. ഈ സമയം കാറിനുള്ളിലുണ്ടായിരുന്ന തിടനാട് അരിമറ്റത്തിൽ ജോർജുകുട്ടി സെബാസ്റ്റ്യൻ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ചൊവ്വാഴ്ച രാവിലെ10:30-ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ പള്ളിയിൽ നടക്കും. കാക്കൂർ നക്കര കുടുംബാംഗം ബിൽസിയാണ് ഭാര്യ. അൽജോ സണ്ണി, മംഗലാപുരത്ത് നേഴ്സിങ് വിദ്യാർത്ഥിനിയായ അനിത സണ്ണി എന്നിവരാണ് മറ്റ് മക്കൾ. കോണ്‍ഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയും മുൻ മണ്ഡലം പ്രസിഡന്റുമായിരുന്നു സണ്ണി ജോണ്‍.
