പാലാ: കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു എത്തിയത് ഒരു നഴ്സ് ..... !

സംഭവം ഇങ്ങനെ...
കഴിഞ്ഞ രണ്ടാം തീയതി രാത്രി 9 മണിയോടെ ഡ്യൂട്ടി കഴിഞ്ഞു മുത്തോലിയിലെ താമസ സ്ഥലത്തേക്കു സ്വന്തം കാറിൽ പോകുകയായിരിന്നു ലിറ്റി. പ്രദേശത്ത് വെള്ളക്കെട്ടാണെന്ന് മനസിലായതോടെ 25 കിലോമീറ്റർ അകലെയുള്ള കുറുപ്പുന്തറയിലെ സ്വന്തം വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ചേർപ്പുങ്കലിൽ നിന്ന് തിരിഞ്ഞു പോകുന്നതിനെടെയാണ് റോഡരികിൽ വാഹനങ്ങൾക്കു കൈ കാട്ടി സഹായം തേടുന്ന കുടുംബാംഗങ്ങളെ കണ്ടത്. വാഹനം നിർത്തി വിവരം തിരക്കിയപ്പോൾ വാഗമൺ സ്വദേശികൾ ആണെന്നും കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയുടെ ഭാഗമായി ചേർപ്പുങ്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നവരാണെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മാസങ്ങളായി കോട്ടയത്ത് ചികിത്സയിലുള്ള ആശുപത്രിയിൽ എത്തിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കുറെ നേരമായി മറ്റ് വാഹനങ്ങളെ ബന്ധപ്പെട്ടിട്ടും കിട്ടാതെ വന്നതോടെയാണ് ഇവർ റോഡിലിറങ്ങി വാഹനങ്ങൾക്കു കൈ നീട്ടി സഹായം അഭ്യർത്ഥിച്ചത്. ലിറ്റി ഇവരെ കാറിൽ കയറ്റി മുന്നോട്ടു നീങ്ങിയെങ്കിലും യുവതിയുടെ പ്രസവവേദന കലശലായതും കനത്ത മഴയും കണക്കിലെടുത്തു അടുത്തുള്ള മാർ സ്ലീവാ മെഡിസിറ്റിയിലേക്കു തിരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിച്ചു യുവതിയെ സുരക്ഷിതയാക്കിയ ശേഷം ലിറ്റി കുറുപ്പുന്തറയിലെ വീട്ടിലേക്കു മടങ്ങുകയും ചെയ്തു. അവസരോചിതമായ ഇടപെടലിലൂടെ മാതൃകയായ നഴ്സ് ലിറ്റി ജോയിയെ ആശുപത്രി മാനേജ്മെന്റ് അനുമോദിച്ചു. മാഞ്ഞൂർസൗത്ത് കലയന്താനം കുടുംബാംഗമാണ് ലിറ്റി ജോയി. യുവതിയുടെ കുടുംബാംഗങ്ങളും ആശുപത്രിയിൽ എത്തി ലിറ്റി ജോയിക്കു അനുമോദനം നൽകി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ.മാത്യു തെക്കേൽ, അസോ.ഡയറക്ടർമാരായ ഫാ.ഡോ.ജോസഫ് കരികുളം,ഫാ.ജോസ് കീരഞ്ചിറ,ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, ഫാ.മാത്യു ചേന്നാട്ട്, ഫാ.മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് നഴ്സിംഗ് ഓഫീസർ ഷിനി തോമസ്, ഡപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് സുബി മാത്യു തുടങ്ങിയവർ പങ്കെടുത്തു.

