ശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.


കോട്ടയം: ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം ഉൾപ്പടെ 9 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ കാറ്റോടുകൂടിയ കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാന മുതൽ കർണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കൻ അറബിക്കടൽ വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 km-3.1 km  ഉയരത്തിൽ ഒരു ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടതായും മധ്യ ഉത്തർപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾക്ക് മുകളിലായി ന്യൂനമർദ്ദ മേഖല സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ക്രമേണ ശക്തി കുറയാൻ  സാധ്യത. ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുള്ള  തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായി. ജൂലൈ10 മുതൽ ജൂലൈ 14 വരെയുള്ള തീയതികളിൽ കേരളം, മാഹി എന്നിവിടങ്ങളിൽ നേരിയ ഇടത്തരം  മഴക്ക് സാധ്യത. ഇന്ന് കേരളത്തിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതഎന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.