തിരുവനന്തപുരം: പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് ദുർഗന്ധം വമിക്കുന്ന മീൻവെള്ളം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിരിക്കുകയാണ്.

മോട്ടോർ വാഹന വകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീൻവണ്ടിയിൽ നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുർഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേൽ വീണിട്ടുണ്ടോ? അല്ലെങ്കിൽ ആ വെള്ളത്തിൽ വണ്ടി തഴുതിവീണ് അപകടത്തിൽപ്പെട്ടിട്ടുണ്ടോ? ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവർത്തികൾക്ക് ഇനി മോട്ടോർ വാഹന വകുപ്പിന്റെ വക 'ഫുൾ സ്റ്റോപ്പ്'! മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും കൂടാതെ പിഴയും ചുമത്തും. മീൻവണ്ടികളിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളം കാരണം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടാതെ വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും നമ്മുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നുള്ള കാര്യം മറക്കാതിരിക്കുക. ഇത്തരം മലിനജലം വാഹനങ്ങളിലുള്ള ടാങ്കുകളിൽ തന്നെ സൂക്ഷിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സ്ഥലങ്ങളിൽ മാത്രം ഒഴുക്കി വിടുക.
.png)