കോട്ടയം: സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഡോക്ടർ എം. എസ് നിഷാരയാണ് പിടിയിലായത്.

കോട്ടയം മെഡിക്കൽ കോളജ് ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടറാണ് എം. എസ്. നിഷാര. അവധി കഴിഞ്ഞിട്ടും കോട്ടയം കിംസ് ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്നു. നേരത്തെ ഇദ്ദേഹം മൂന്നുമാസം താൽക്കാലിക അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്തിരുന്നു. ഈ അവധി കാലാവധി തീർന്നതിതിനെ തുടർന്ന് തിരികെ മെഡിക്കൽ കോളജിലെത്തി ഒരു ദിവസം ജോലിയിൽ പ്രവേശിച്ചു. ഇതിന് പിന്നാലെ പഠനാവശ്യത്തിനായി മൂന്നുവർഷത്തെ അവധിക്ക് അപേക്ഷ നൽകി. എന്നാൽ ഈ അവധി പ്രിൻസിപ്പൽ അനുവദിച്ചിരുന്നില്ല. പഠനാവശ്യം ചൂണ്ടിക്കാണിക്കുന്ന മതിയായ രേഖകൾ ഹാജരാക്കാത്തത് കാരണമാണ് അവധി നൽകാത്തതിന് കാരണം. അവധി ലഭിക്കാതിരുന്നിട്ടും ഇയാൾ വീണ്ടും സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് തുടർന്നു. ഇതിനിടയിലാണ് വിജിലൻസ് സംഘം ഡോക്ടർ എം എസ് നിഷാരയെ പിടികൂടിയത്. നടപടിയുടെ ഭാഗമായി കേസെടുത്ത് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മെഡിക്കൽ കോളേജിൽ നിന്നും അവധിയെടുത്തു ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നതിനെതിരെ മുൻപും പരാതികളുയർന്നിരുന്നു. ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലുള്ള ഡോക്ടർ ചട്ടം ലംഘിച്ച് ആണ് താത്‌കാലിക അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തത്. അവധിയെടുക്കുന്നവർ സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടില്ലെന്നിരിക്കെയാണ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ സീനിയർ കൺസൾട്ടന്റായത്. സർക്കാർ സർവീസിൽ ഉള്ളവർക്ക് മൂന്നുവർഷത്തിനു മുകളിൽ അവധിയെടുത്ത് മറ്റു ജോലികൾക്കോ വിദേശത്തോ പോകാമെന്നുള്ള ചട്ടമുണ്ട്. പക്ഷേ, ഇതിന് അവധിയും അനുമതിയും നൽകുന്നത് പ്രിൻസിപ്പലല്ല. സർക്കാരിന്റെ പ്രത്യേക അനുമതിവേണം. ഡി.എം.ഇ. തലത്തിൽ അപേക്ഷ സമർപ്പിച്ച് പ്രത്യേക ഉത്തരവ് നേടി വേണം ഈ അവധി നേടിയെടുക്കുവാൻ.
