വാഗമൺ: വാഗമണ്ണിൽ എത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിച്ച ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് 7 മാസം. മൂന്ന് കോടിയോളം രൂപ മുടക്കി നിർമ്മിച്ച വാഗമൺ ഗ്ലാസ് ബ്രിഡ്ജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് ഇപ്പോൾ 7 മാസം പിന്നിട്ടു. ഇതോടെ ടൂറിസം വകുപ്പിന് കോടികളുടെ നഷ്ടം ആണ് സംഭവിച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബർ 19നാണ് അറ്റകുറ്റപ്പണിക്കായി അടച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പാലത്തിന്റെ സുരക്ഷാ പരിശോധന പൂർത്തിയാക്കി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ പണികൾ പൂർത്തിയായിട്ടും ഗ്ലാസ് ബ്രിഡ്ജ് തുറന്നു നൽകിയില്ല. അവധിക്കാലത്തും ഏറെ സഞ്ചാരികൾ എത്തിയ വാഗമണ്ണിൽ ഗ്ലാസ് ബ്രിഡ്ജ് തുറന്നു നൽകാതിരുന്നത് സഞ്ചാരികൾക്ക് നിരാശ സമ്മാനിച്ചതിനൊപ്പം ടൂറിസം വകുപ്പിന് കോടികളുടെ നഷ്ടവും സംഭവിച്ചു. കരാർ കമ്പനികൾ തമ്മിലുള്ള തർക്കം മൂലമാണ് ഗ്ലാസ് ബ്രിഡ്ജ് ഇപ്പോഴും അടഞ്ഞു കിടക്കുന്നത്. അഡ്വഞ്ചർ പാർക്കിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത് കൊച്ചി ആസ്ഥാനമായ ഭാരത്‌മാതാ വെഞ്ചേഴ്സ് ആണ്. ഇവർ ഗ്ലാസ് ബ്രിജിന്റെ ഉപകരാർ ക്യാപ്ചർ ഡേയ്സ് എന്ന കമ്പനിക്കു നൽകി. പാലം ബലപ്പെടുത്തിയതിനു ശേഷം 300 പേരെ അതിൽ കയറ്റി ടെസ്റ്റ് ചെയ്യണമെന്ന നിർദേശം പാലിച്ചില്ലെന്നാരോപിച്ച് ആണ് ഉപകരാർ എടുത്ത കമ്പനിയെ പുറത്താക്കണമെന്ന് ഭാരത്‌മാതാ വെഞ്ചേഴ്സ് ആവശ്യപ്പെടുന്നത്. എന്നാൽ തങ്ങളെ ഇക്കാര്യം വൈകിയാണ് അറിയിച്ചതെന്നാണു ക്യാപ്ചർ ഡേയ്സ് കമ്പനി പറയുന്നത്. തർക്കം രൂക്ഷമാകുന്നതിനിടെ ക്യാപ്ചർ ഡേയ്സ് അധികൃതർ മേഖലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് ഭാരത്‌മാതാ വെഞ്ചേഴ്സ് നേടിയെടുത്തു. ഇതോടെ ഇരു കമ്പനികളും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാവുകയായിരുന്നു. കേരളത്തിലെ പ്രമുഖ അഡ്വെഞ്ചർ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്. 40 മീറ്റർ നീളത്തിൽ സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 3600 അടി ഉയരത്തിലുള്ള ഈ പാലം ജർമനിയിൽ നിന്നുള്ള ഗ്ലാസ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. 2023 ൽ ആണ് കേരളത്തിലെ ആദ്യത്തെ ഗ്ലാസ് പാലമായ വാഗമൺ ഗ്ലാസ് ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇന്ത്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ കാൻറിലിവർ ഗ്ലാസ് പാലമാണ് ഇത്.
