സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിൽ; കാണാതായവരിൽ കോട്ടയം പാമ്പാടി സ്വദേശിയും, കുടുംബാംഗങ്ങൾ സ്ഥലത്ത് എത്തി, തിരച്ചിൽ ദുഷ്ക


കോട്ടയം: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായവരിൽ കോട്ടയം പാമ്പാടി സ്വദേശിയും.  നാഷണൽ ഹൈഡ്രോ പവർ കോർപറേഷനിലെ (എൻഎച്ച്പിസി) സീനിയർ മാനേജരായ ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ്(43) കാണാതായത്. 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്.

 

 അനീഷിൻ്റെ കുടുംബാംഗങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. അനീഷിന്റെ ഭാര്യ സംഗീത, ഭാര്യാ സഹോദരൻ, അനീഷിന്റെ സഹോദരൻ എന്നിവരാണ് സിക്കിമിലെത്തിയത്. ഡൽഹിയിലെത്തിയ മൂന്നുപേരെയും നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്‌പിസി) അധികൃതർ വിമാനമാർഗം സിക്കിമിലെത്തിക്കുകയായിരുന്നു. സിഗ്നലിന്റെ ഉൾപ്പെടെ പ്രശ്‌നമുള്ളതിനാൽ തെരച്ചിലിന് പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി അനീഷിന്റെ സഹോദരൻ നാട്ടിലുള്ള സുഹൃത്തുക്കളെ അറിയിച്ചു. ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുൻപാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്. ഹരിയാനയിൽ കുടുംബസമേതമായിരുന്നു അനീഷ് താമസിച്ചിരുന്നത്. അനീഷിന് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ഭാര്യയും മക്കളും നാട്ടിലേക്ക് വരികയായിരുന്നു. സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെ ആണ് മീഥെയിൻ വാതക സ്ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം. സംഭവത്തിൽ ഇതുവരെ 20 പേർ മരിച്ചു. പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഉത്തരഖണ്ഡ് സ്വദേശികളാണ് മരണപ്പെട്ടത്. അനീഷ് അടക്കം കാണാതായ അഞ്ചുപേർക്കായി രക്ഷാപ്രവർത്തനം ഊർജിതമാണ്. പശ്ചിമ ബംഗാളിൽനിന്ന് മൈനിങ് സേഫ്റ്റി ടീമും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നിട്ടുണ്ട്. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, ഗവർണർ ഓം പ്രകാശ് മാത്തൂർ തുടങ്ങിയവർ ചൊവ്വാഴ്ച അപകടസ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. സംഭവം ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തെ തുടർന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്ത് പറമ്പിൽ കുടുംബാംഗമാണ് അനീഷ്. ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001- 04ൽ നാട്ടകം ഗവ കോളേജിൽ നിന്ന് ബിഎസ്‌സി ജിയോളജി പഠനം പൂർത്തിയാക്കി. 2011ൽ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, എൻഎച്ച്പിസിയിൽ ജോലിനേടി. 2026 മുതൽ സിക്കിമിൽ സീനിയർ മാനേജറായി സേവനമനുഷ്ഠിച്ചുവരികയാണ്. വെള്ളൂരിലെ വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. കാർത്ത്യായനി, ആരവ് എന്നിവരാണ് മക്കൾ. മീഥെയ്ൻ വാതകം കെട്ടിക്കിടക്കുന്ന പാറകൾ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആഘാതത്തിൽ മണ്ണിടിഞ്ഞുവീണ് തുരങ്കത്തിന്റെ വാതിൽ അടഞ്ഞു.  മീഥെയ്ന്റെ അളവ് അപകടകരമായരീതിയിൽ ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ആദ്യം തുരങ്കത്തിൽ പ്രവേശിച്ച രക്ഷാപ്രവർത്തകർക്ക് അസ്വസ്ഥതയുണ്ടായി. തുരങ്കത്തിലും സമീപത്തും മീഥെയ്ൻ, കാർബൺ മോണോക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയവയുടെ സാന്നിദ്ധ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടസമയത്ത് അനീഷ് മോഹനും മറ്റ് ഉദ്യോഗസ്ഥരുമടക്കം 25 പേരാണ് തുരങ്കത്തിലുണ്ടായിരുന്നത്. തെക്കന്‍ സിക്കിമിലെ സമര്‍ഡൂങ്ങില്‍ ടീസ്റ്റ ജലവൈദ്യുതപദ്ധതി പദ്ധതിക്കുവേണ്ടി എന്‍എച്ച്പിസി നിര്‍മിക്കുന്ന തുരങ്കമാണു തകര്‍ന്നത്. അണക്കെട്ടില്‍നിന്നു വൈദ്യുതോല്‍പാദനത്തിനായി വെള്ളമെത്തിക്കാന്‍ മലകള്‍ തുരന്നു നിര്‍മിക്കുന്ന കൂറ്റന്‍ തുരങ്കമാണിത്. ഭൂമിക്കടിയില്‍ പാറ തുരക്കുന്നതിനിടെ മീഥൈന്‍ വാതകച്ചോര്‍ച്ച മൂലമുണ്ടായ സ്‌ഫോടനമാണ് തുരങ്കം തകരാന്‍ കാരണമെന്നാണു വിവരം.