കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ; നാലുപേരുടെയും സംസ്കാരം വെള്ളിയാഴ്ച, മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ.


കോട്ടയം: കോട്ടയത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. കോട്ടയം കൂരോപ്പട ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം (ജോബി-50), ഭാര്യ ജോസ്ന (40), മൂത്തമകൾ മരിയ തെരേസ തോമസ് (16) മകൻ അലൻ (12) എന്നിവരാണ് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു ചികിത്സയിലിരിക്കെ മരിച്ചത്.

 

 ജോസ്നയും മരിയ തെരേസ തോമസുമാണ് ആദ്യം മരിച്ചത്. പിന്നാലെ ജോബിയും ചൊവ്വാഴ്ച അലനും ചികിത്സയിൽ തുടരവേ മരണപ്പെടുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു തോമസിന്റെ മകള്‍ മരിയ മരിച്ചത്. മകളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ വൈകിട്ട് നാലോടെ അമ്മ ജോസ്‌നയും മരണപ്പെടുകയായിരുന്നു. നാലുപേരുടെയും സംസ്കാരം വെള്ളിയാഴ്ച 3 മണിക്ക് ചേപ്പുംപാറ മർത്ത് മറിയം ദേവാലയത്തിൽ നടക്കും. തിങ്കളാഴ്ച വൈകിട്ടാണ് നാലു പേരെയും കളനാശിനി കഴിച്ച് അവശരായ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ജോസ്നയുടെ സഹോദരൻ പലപ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കൂട്ടആത്മഹത്യാശ്രമം പുറത്തറിയുന്നത്. തുടർന്ന് നാലു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം കൂട്ടത്തോടെ ആത്മഹത്യാശ്രമം നടത്തിയത് എന്നാണു പുറത്തു വരുന്ന വിവരം. പൊലീസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. അയർക്കുന്നം പൊലീസ് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ജോസ്‌ന ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായി പറയപ്പെടുന്നത്. ചിട്ടിയുടെയും മറ്റും പേരിലായി ജോസ്‌ന പണം വാങ്ങിയെന്ന കൂടുതൽ പരാതികൾ പൊലീസിന് കിട്ടിയെന്നാണ് വിവരം. നാലംഗ കുടുംബത്തിന്റെ ആത്മഹത്യയിൽ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ബിജെപി അയർക്കുന്നം മണ്ഡലം കമ്മിറ്റി ആരോപിച്ചു. ആത്മഹത്യ ചെയ്‌ത ജോസ്‌ന ജോലി ചെയ്‌തിരുന്ന സഹകരണ ബാങ്കിനെപ്പറ്റിയും അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് വിവിധ ദിവസങ്ങളിൽ മരിച്ച മറ്റപ്പള്ളി ചിറപ്പുറത്ത് ജോബി, ഭാര്യ ജോസ്‌ന,മൂത്തമകൾ മരിയ തെരേസ തോമസ് എന്നിവരുടെ മരണമൊഴി ജ‍ഡ്‌ജി രേഖപ്പെടുത്തിയിരുന്നു. എന്നാൽ മൂവരും നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് സൂചന.