എരുമേലി: എരുമേലി കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കും ഭീഷണിയാണ് ഇവ വിഹരിക്കുന്നത്.

ഇരുചക്ര വാഹനങ്ങൾക്ക് മുൻപിലേക്കും കാൽനട യാത്രക്കാർക്കും നേരെ കുരച്ചു ചാടുന്നത് പതിവായിരിക്കുകയാണ്. പത്തോളം വരുന്ന നായ്ക്കളാണ് കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിലും പരിസരങ്ങളിലുമായി വിഹരിക്കുന്നത്. സമീപ പ്രദേശത്തെ ഹോട്ടലുകളിലെ ഭക്ഷണ അവശിഷ്ടങ്ങളാണ് ഇവയുടെ ഭക്ഷണം. നാട്ടുകാർക്ക് കടിയേൽക്കുന്ന സംഭവുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ സഹോദരങ്ങളെ തെരുവുനായ ആക്രമിച്ചത്. സ്റ്റാൻഡിൽ ബസ് കാത്തുനിന്ന സഹോദരങ്ങൾക്കാണ് തെരുവുനായയുടെ കടിയേറ്റത്. തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
