തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വടക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ–വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂന മർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഇന്ന് ഉച്ചയ്ക്ക് പശ്ചിമ ബംഗാൾ–വടക്കൻ ഒഡീഷ തീരത്തു ബാലസോർ–കാനിങ്ങ് ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കിഴക്കൻ അറബിക്കടലിനും സമീപ കൊങ്കൺ തീരത്തിനും മുകളായിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
