കോട്ടയം ജില്ലയിൽ സ്വകാര്യ ബസ്സ് പണിമുടക്ക് തുടരുന്നു, ജനത്തെ സാരമായി ബാധിച്ച് ബസ് സമരം, കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.


കോട്ടയം: വനിതാ സൗജന്യയാത്ര മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കണ്ടു നിവേദനം നൽകിയിട്ടും പരിഹാരമായില്ലെന്നും ചൂണ്ടിക്കാട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ബസ്സ് പണിമുടക്ക് തുടരുന്നു.

 

 ഡീസൽ സബ്‌സിഡി അനുവദിക്കണമെന്നും വിദ്യാർത്ഥികളുടെ ചാർജ്ജ് വർദ്ധിപ്പിക്കണമെന്നും ടാക്സ് ഒഴിവാക്കണമെന്നും ബസ്സ് ജീവനക്കാരുടെ തൊഴിൽ ഉറപ്പു വരുത്തണമെന്നും സ്വകാര്യ ബസ്സ് വ്യവസായം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു ജില്ലയിലെ സ്വകാര്യ ബസ്സ് തൊഴിലാളികളും ഉടമകളും കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ജില്ലകളിലാണ് ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക് നടത്തുന്നത്. സ്വകാര്യ ബസ്സ് വ്യവസായം സംരക്ഷിക്കാൻ കിലോമീറ്ററിന് 55 രൂപ നിരക്കിൽ ബസ്സുകൾ വാടകയ്ക്ക് ഏറ്റെടുക്കണമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 6 മണി മുതലാണ് ജില്ലയിൽ പണിമുടക്ക് ആരംഭിച്ചത്. ജില്ലയിൽ ആയിരത്തോളം സ്വകാര്യ ബസ്സുകൾ ആണുള്ളത്. സ്വകാര്യ ബസ്സുകൾ കൂടുതലായി സർവ്വീസ് നടത്തുന്ന കുമരകം മേഖലയിലേക്കും മെഡിക്കൽ കോളേജ് ഭാഗത്തേക്കും യാത്രക്കാരെ പണിമുടക്ക് സാരമായി ബാധിച്ചിട്ടുണ്ട്. കോട്ടയം–അയർക്കുന്നം–പാലാ, കോട്ടയം–പുതുപ്പള്ളി, കോട്ടയം-റാന്നി, പൊൻകുന്നം–പള്ളിക്കത്തോട്, മുണ്ടക്കയം–ഇളംകാട്, അയർക്കുന്നം-മറ്റക്കര, മുണ്ടക്കയം-കോരുത്തോട്, മണിമല-കാഞ്ഞിരപ്പള്ളി, എരുമേലി-ചങ്ങനാശ്ശേരി, പൊൻകുന്നം-പാലാ, കുമളി,കട്ടപ്പന തുടങ്ങിയ സ്വകാര്യ ബസ്സുകൾ കൂടുതലായി സർവ്വീസ് നടത്തുന്ന റൂട്ടുകളിൽ പണിമുടക്ക് ജനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വൈകിട്ട് 6 മണി വരെയാണ് സ്വകാര്യ ബസ്സ് പണിമുടക്ക്.