അടുക്കളയിൽ ആശങ്ക! അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചും പോക്കറ്റ് കാലിയാക്കിയും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ്.


കോട്ടയം: പച്ചക്കറിക്കും മീനിനും ഇറച്ചിക്കും വില ഉയരുന്നതിനൊപ്പം ഇപ്പോൾ മുട്ടയ്ക്കും വില കൂടി തുടങ്ങി. അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചു നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നു.

 

 പലചരക്ക്-പച്ചക്കറി-മത്സ്യ-മാംസങ്ങളുടെ വില കുതിച്ചു കയറുകയാണ്. അരിയ്ക്കും മറ്റു പലചരക്ക് സാധനങ്ങൾക്കും വില ഉയർന്നു. പച്ചക്കറി വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. ഇഞ്ചി,വെളുത്തുള്ളി, ക്യാരറ്റ്, കോവയ്ക്ക,ബീൻസ്, മുരിങ്ങയ്ക്ക തുടങ്ങി പച്ചക്കറികൾക്ക് വില ഉയരുകയാണ്. പോത്തിറച്ചിക്കും പന്നിയിറച്ചിക്കും കോഴിയിറച്ചിക്കും വില ഉയർന്നിട്ടുണ്ട്. മീൻ ലഭ്യത കുറഞ്ഞത് കാരണം മീനിനും വിപണിയിൽ ഇപ്പോൾ ഉയർന്ന വിലയാണ്. ഇറച്ചിക്കോഴി വില 200 രൂപ അടുത്തെത്തി. ചെറുമീനുകൾക്ക് 200 രൂപയ്ക്ക് മുകളിലും പീസ് മീനുകൾക്ക് 5000 രൂപയ്ക്ക് മുകളിലും വിലയെത്തി. മുട്ടയ്ക്ക് 8 രൂപയും പോത്തിറച്ചിക്ക് 500 രൂപയ്ക്ക് മുകളിലും ചിലയിടങ്ങളിൽ വിപണിയിൽ വിലയുണ്ട്. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുള്ള വിപണി ഇടപെടലുകളും കാര്യമായുണ്ടാകുന്നില്ല. വില വർധിച്ചതോടെ വ്യാപാരം കുറയാൻ തുടങ്ങിയതായി വ്യാപാരികൾ പറഞ്ഞു. വില കൂടിയതോടെ ഹോട്ടൽ ഭക്ഷണങ്ങളിലും ആനുപാതികമായ വില വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വില ഉയർന്നതോടെ അടുക്കള ബഡ്ജറ്റും താളം തെറ്റിയിരിക്കുകയാണ്. ഓണം സീസൺ അടുക്കുന്നതോടെ പച്ചക്കറികൾക്ക് ഇനിയും വില ഉയരാനാണ്‌ സാധ്യത എന്നാണു വ്യാപാരികൾ പറയുന്നത്.