കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ സർജിക്കൽ ബ്ലോക്ക് കെട്ടിട നിർമാണത്തിൽ ഗുരുതര അപാകതകൾ ഉണ്ടെന്നു കണ്ടെത്തൽ.

മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളുടെ നിലവിലെ അവസ്ഥയും സുരക്ഷയും സംബന്ധിച്ച ഔദ്യോഗിക പരിശോധന നടത്തിയപ്പോഴാണ് അപാകതകൾ കണ്ടെത്തിയത്. അപാകതകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നിർമാണ കമ്പനിയായ ഹൈറ്റ്സിന് കത്തുനൽകിയിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും സീലിങ് അടർന്നു വീഴുന്ന നിലയിലാണ്. ഫാനുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും ശുദ്ധജലവിതരണ പൈപ്പുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അധികൃതർ, മെഡിക്കൽ കോളജ് അധികൃതർ, നിർമാണക്കമ്പനിയുടെ പ്രതിനിധി എന്നിവരുൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സർജിക്കൽ ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തിയത്. കെട്ടിടനിർമാണത്തിലെ പോരായ്മകളും തകരാറുകളും പരിഹരിച്ചതിനു ശേഷം മാത്രമേ കെട്ടിടം ഏറ്റെടുക്കുകയുള്ളൂവെന്ന കർശന നിലപാടിലാണ് ആശുപത്രി അധികൃതർ.
