കോട്ടയം: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി ഇന്നലെ നടന്ന പ്രത്യേക പരിശോധനയിൽ കോട്ടയം ജില്ലയിൽ 17 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തി.

ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. കോട്ടയം ജില്ലയിൽ ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യുവിന്റെ നേതൃത്വത്തിൽ 488 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1,229 ബസ് ഡ്രൈവര്‍മാരെ പരിശോധിച്ചതില്‍ 17 പേര്‍ മദ്യപിച്ചതായി കണ്ടെത്തി. ജില്ലാതലത്തിലും സ്റ്റേഷന്‍ തലത്തിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരുന്നു പരിശോധന. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകളും കര്‍ശന നടപടികളും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
