കോട്ടയം: സാമൂഹ്യ സുരക്ഷാ,ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു. 2025 ഡിസംബര്‍ 31 വരെ സാമൂഹിക സുരക്ഷാ/വിധവ /ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ തുടർന്നും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി മസ്റ്ററിങ് നടത്തണം.

അക്ഷയ കേന്ദ്രങ്ങള്‍ വഴി ആധാർ കാർഡുമായി നേരിട്ട് എത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്താവുന്നതാണ്. ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ജീവൻ രേഖ സോഫ്റ്റ് വെയർ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങൾ വഴി മാത്രമാണ് നടത്തുന്നതെന്നും മറ്റ് ഏജൻസികളെയും സ്ഥാപനങ്ങളെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും അക്ഷയ കോട്ടയം ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. മസ്റ്ററിങ്ങിനായി അക്ഷയ കേന്ദ്രങ്ങളെ മാത്രമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളെയും ഏജൻസികളെയും മസ്റ്ററിങ്ങിനായി ചുമതലപ്പെടുത്തിയിട്ടില്ല. ഗുണഭോക്താക്കൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണം. അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്റർ ചെയ്യുന്നതിനായി 30 രൂപയും ഹോം മസ്റ്ററിങ്ങിനായി 50 രൂപയും ഗുണഭോക്താക്കൾ നൽകണം. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വയോജനങ്ങൾ തുടങ്ങിയവർക്ക് വീടുകളിൽ എത്തി മസ്റ്ററിംഗ് നടത്തും. കിടപ്പ് രോഗികളുടെയും ശാരീരിക അവശത അനുഭവിക്കുന്ന അനുബന്ധ വിഭാഗക്കാരുടെയും പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പരിശോധിച്ച് പട്ടികയിലുൾപ്പെട്ട ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് മാത്രമാണ് വീടുകളിലെത്തി നടത്തുക. വിശദവിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരുമായോ അക്ഷയ കേന്ദ്രങ്ങളുമായോ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായോ ബന്ധപ്പെടാം.
