കുറവിലങ്ങാട്: കുറവിലങ്ങാട് ലോറിക്ക്‌ പിന്നിലായി മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങി രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു കെഎസ്ആർടിസി ജീവനക്കാർ.

അടൂർ മഹർഷിക്കാവ് സ്വദേശി ഉദയ(48) ആണ് പുതുജീവൻ ലഭിച്ചത്. പുലർച്ചെ 6 മണിക്ക് കുറവിലങ്ങാട് വെച്ച് ആണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും കൊട്ടാരക്കരയ്ക്ക് മടങ്ങുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയുടെ RPE 196 സൂപ്പർഫാസ്റ്റ് ബസ്സിലെ ജീവനക്കാരുടെ തക്കസമയത്തെ ഇടപെടലിനാൽ അപകടത്തിൽപ്പെട്ട മിനിലോറി ഡ്രൈവർക്ക് ലഭിച്ചത് പുതുജീവൻ.



കോഴിക്കോട് നിന്നുമുള്ള മടക്കയാത്രയിൽ അവിചാരിതമായി നടന്ന അപകടം കണ്ട ഉടനെ തന്നെ ഡ്രൈവർ സുനിൽകുമാർ വണ്ടി നിർത്തുകയും കണ്ടക്ടർ സാജന്റെയും നേതൃത്വത്തിൽ ലോറിയിൽ കുടുങ്ങികിടന്ന ഡ്രൈവറെ ഡോർ പൊളിച്ച് പുറത്തെടുത്തത്. ഒട്ടും താമസിക്കാതെ തന്നെ മിനിലോറി ഡ്രൈവറെ കെഎസ്ആർടിസി ബസ്സിൽ കയറ്റി ഏറ്റുമാനൂർ തെള്ളകം കാരിത്താസ് മാതാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബസ്സിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാരുടെയും ബസിലുണ്ടായിരുന്ന നേഴ്‌സിന്റെയും പൂർണ്ണ സഹകരണവും സഹായവും ഇവർക്ക് ലഭിച്ചിരുന്നു. 9 വർഷം ആംബുലൻസ് ഡ്രൈവറായിരുന്ന കെഎസ്ആർടിസി ഡ്രൈവർ സുനിൽകുമാറിന്റെ അനുഭവം കൊണ്ട് അദ്ദേഹത്തെ ബസിൽ തന്നെ കോട്ടയത്തെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു. 13 കിലോമീറ്ററോളം ഓടിയാണ് ബസ് ആശുപത്രിയിൽ എത്തിയത്. ആ 13 കിലോമീറ്ററിൽ ബസ് ശെരിക്കും ഒരു ആംബുലൻസ് ആയി മാറുകയായിരുന്നു. ജീവനെടുക്കുന്നവരെന്ന് പുച്ഛിക്കുന്നവരുടെ മുന്നിൽ അനാഥമാകേണ്ട ഒരു ജീവന് തുണയായവരായി മാറി ദൈവദൂതനായി അവതരിച്ച കെഎസ്ആർടിസി ബസ്സും ജീവനക്കാരും. റോഡിൽ രക്തം വാർന്ന് മരണത്തോട് മല്ലിട്ട് കിടന്ന ഒരു മിനി ലോറി ഡ്രൈവർക്ക് ജീവിതത്തിലേക്ക് ഫ്രീ ടിക്കറ്റ് കൊടുത്തിരിക്കുകയാണ് കോഴിക്കോട് - കൊടുങ്ങല്ലൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ജീവനക്കാർ. പരിക്കേറ്റയാളെ കെഎസ്ആർടിസി ജീവനക്കാർ വേഗത്തിൽ ആശുപത്രിയിലെത്തിക്കുകയും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ സംഘം ഉടൻ തന്നെ ചികിത്സ ആരംഭിക്കുകയും ആവശ്യമായ അടിയന്തര പരിചരണം നൽകുകയും ചെയ്തു. കെഎസ്ആർടിസി ജീവനക്കാരുടെ അതിവേഗ പ്രതികരണവും കാരിത്താസ് മാതാ ഹോസ്പിറ്റലിലെ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ സമയബന്ധിത ചികിത്സയും രോഗിക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നതിൽ നിർണായകമായി. നിലവിൽ ഉദയൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുൻപ് ആംബുലൻസ് ഡ്രൈവറായിരുന്ന സുനിൽകുമാർ പൊള്ളലേറ്റ ഒരു കുട്ടിയെ 42 മിനിറ്റിനുള്ളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചതിനും ശ്രദ്ധ നേടിയിരുന്നു. ഈ സേവന മനോഭാവത്തെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നും സുനിൽകുമാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും മന്ത്രി നേരിട്ട് സംസാരിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 AI Generated Image