കോട്ടയം: കോട്ടയം ജില്ലയിലെ നെൽകർഷകർക്ക് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുകയായി ലഭിക്കാനുള്ളത് 13 കോടി രൂപ. കേന്ദ്രവിഹിതമായ 90 കോടി രൂപ സപ്ലൈകോയ്‌ക്ക് ലഭിച്ചിട്ടും പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടാത്തതാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.

ജില്ലയിലെ നെൽകർഷകർ വിരിപ്പുകൃഷി തുടങ്ങിയിട്ടും പുഞ്ചക്കൃഷിയുടെ ഭാഗമായി സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക പൂർണ്ണമായും നൽകിയിട്ടില്ല. ഇതോടെ വിരിപ്പുകൃഷിക്കായി കർഷകർ കടം വാങ്ങിയാണ് കൃഷി ആരംഭിച്ചത്. പുഞ്ചകൃഷി 9,000 ഹെക്‌ടറിൽ നിന്ന് 40,461 ടൺ നെല്ലാണ് ജില്ലയിലെ കർഷകരിൽനിന്ന് ഇത്തവണസംഭരിച്ചത്. 341 പാടശേഖരങ്ങളിലെ 10,411 കർഷകരാണ് സപ്ലൈകോയ്‌ക്ക് നെല്ല് നൽകിയത്. സപ്ലൈകോ 341 ടണ്ണും ഓയിൽപാം ഇന്ത്യ ലിമിറ്റഡ് 18 ടണ്ണും സംഭരിച്ചു. 30.12 രൂപയാണ് ഒരു കിലോ നെല്ലിന്റെ സംഭരണവില. നെല്ലിന് സംഭരണവില കിലോയ്ക്ക് 35 രൂപയായി ഉയര്‍ത്തുമെന്നായിരുന്നു യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്‌ദാനം. എന്നാൽ സംഭരണവില കൊടുക്കുമെന്ന് മാത്രമായിരുന്നു വി ഡി സതീശന്റെ ബജറ്റ് പ്രസംഗത്തിലെ പരാമർശം.
