സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടൻ പരിഹരിക്കും, പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചു: ആരോഗ്യ മന്ത്രി.


തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കുമെന്നും പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. 

 

 തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ഐക്യത്തോടെ എല്ലാവരും പ്രവർത്തിക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുത്. ജീവനക്കാർ രോഗികളോട് നല്ല രീതിയിൽ പെരുമാറണം. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി പോലുള്ള മാരകരോഗങ്ങൾ എത്രയും വേഗം കണ്ടെത്താനും വാക്‌സിനേഷൻ വ്യാപകമാക്കാനും നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പടെ മരുന്നുകൾക്ക് ക്ഷമമാണെന്നും സാധാരണക്കാരായ രോഗബാധിതർ മരുന്നുകൾക്കായി സ്വകാര്യ ഫാർമസികളെയാണ് ആശ്രയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി കോട്ടയം ലൈവ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.