കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനകത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽനിന്ന് ചെറിയ ദൂരത്തേയ്ക്ക് ഓട്ടം പോകാൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്കെതിരേ നടപടിയുണ്ടാകും. ജില്ലാ വികസനസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

ട്രെയിനിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ റെയിൽവേ സ്റ്റേഷനകത്തു നിന്നും ഓട്ടോ ഓട്ടം വിളിക്കുമ്പോൾ ചെറിയ ദൂരത്തേക്കുള്ള യാത്രകൾക്ക് ഓട്ടോ ഡ്രൈവർമാർ മുടക്കം പറയുന്നത് പരാതിക്കിടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ വികസന സമിതി യോഗത്തിൽ ഇതുസംബന്ധിച്ചു തീരുമാനമുണ്ടായത്. കോട്ടയം റെയിൽവേ സ്റ്റേഷനു പുറത്ത് ഓട്ടോറിക്ഷകൾ അനനധികൃതമായി പാർക്ക് ചെയ്യുന്നതുമൂലമുള്ള ഗതാഗത തടസ്സം പരിഹരിക്കാൻ കർശന നടപടി സ്വീകരിക്കാനും ജില്ലാ വികസനസമിതി യോഗം പോലീസിനും ആർ.ടി.ഒയ്ക്കും നഗരസഭാ അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
