പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളിലേക്കും സുസ്ഥിര വികസനത്തിലധിഷ്ഠിതമായ ജീവിത രീതികളിലേക്കും നാം മാറേണ്ടതുണ്ട്: തിരുവഞ്ചൂർ രാധാകൃഷ്ണൻ.


കോട്ടയം: പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളിലേക്കും സുസ്ഥിര വികസനത്തിലധിഷ്ഠിതമായ ജീവിത രീതികളിലേക്കും നാം മാറേണ്ടതുണ്ട് എന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

 

 സാമൂഹിക വനവൽക്കരണ വിഭാഗം കോട്ടയം ഡിവിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി പ്രകൃതിയിലധിഷ്ഠിതമായ പരിഹാരങ്ങള്‍ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം. മണ്ണും മനുഷ്യനും ജൈവികമായി ബന്ധിതമാകുന്ന സുരക്ഷിതമായ ഒരു ഭാവിക്ക് വേണ്ടി പ്രകൃതിയോടിണങ്ങുന്ന ജീവിതചര്യകള്‍ അവലംബിക്കുവാന്‍ ഏവര്‍ക്കും ഈ ദിനം പ്രചോദനമാകട്ടെയെന്ന് ആശംസിക്കുന്നതായും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ചടങ്ങിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നിർവഹിച്ചു. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി. കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രഭുൽ അഗർവാൾ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഗോപകുമാർ, സനിൽ കാണക്കാലിൽ, ഷീബ പുന്നൻ, കെ.കെ. പ്രസാദ്, സാലി മാത്യൂസ്, ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ ബിന്ദു സന്തോഷ്, ജിഷ ജോഷി, ഉനൈസ് പാലപ്പറമ്പിൽ, ചിന്മയ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. സുജാത, സാമൂഹിക വനവൽക്കരണ വിഭാഗം കോട്ടയം റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി. ലേഖ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ബി. സുഭാഷ് എന്നിവർ പ്രസംഗിച്ചു.