മുണ്ടക്കയം: മുണ്ടക്കയം കൂട്ടിക്കലിൽ കോടികളുടെ വിസ തട്ടിപ്പ് നടത്തിയ ഓർക്കിഡ് കൺസൾട്ടൻസി ഉടമ പോലീസ് പിടിയിൽ. കോഴിക്കോട് നിന്നുമാണ് ഓർക്കിഡ് കൺസൾട്ടൻസി ഉടമ പാലക്കുന്നേൽ അനീഷ് ഉമ്മറിനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

വിദേശരാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തു ചെറുപ്പക്കാരുൾപ്പടെയുള്ള നിരവധിയാളുകളിൽനിന്നായി കോടിക്കണക്കിനു രൂപയാണ് ഇയാൾ കരസ്ഥമാക്കിയത്. ഒരാളിൽ നിന്ന് തന്നെ അഞ്ച് ലക്ഷം രൂപ മുതൽ ഇരുപത് ലക്ഷം രൂപ വരെ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. പണം നൽകിയവർക്ക് നാളുകളായി വിസയോ നൽകിയ പണമോ തിരികെ ലഭിക്കാഞ്ഞതിനെ തുടർന്നാണ് ഉദ്യോഗാർത്ഥികൾ പോലീസിൽ പരാതി നൽകിയത്. കോട്ടയം ജില്ലയ്ക്കകത്തു നിന്നും പുറത്തു മറ്റു ജില്ലകളിൽ നിന്നുമായി നിരവധിപ്പേരാണ് ഓർക്കിഡ് കൺസൾട്ടൻസിയിൽ വിസയ്ക്കായി പണം നൽകിയിട്ടുള്ളത്. തട്ടിപ്പ് പുറത്തായതോടെ സ്ഥാപനം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഒളിവിൽ പോയ ഇയാളുടെ ഫോണിന്റെ ടവർ ലോക്കേറ്റ് ചെയ്ത് തെരച്ചിലിനൊടുവിലാണ് പോലീസ് സംഘം പിടികൂടിയത്. വിസ വ്യാപാരത്തിനാവശ്യമായ യാതൊരുവിധ കേന്ദ്ര ലൈസൻസുകളും ഇല്ലാതെയാണ് ഓർക്കിഡ് കൺസൾട്ടൻസിയും പാലക്കുന്നേൽ പ്രൈവറ്റ് ലിമിറ്റഡും ഇയാൾ നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കയം പോലീസ് സ്റ്റേഷന് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം കേസുകൾ അനീഷ് ഉമ്മറിനെതിരെയുണ്ട്. വിസ ലഭിക്കാനായി പണം നൽകിയവർ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടിക്കലിൽ എത്തിയിരുന്നു. അനീഷ് ഉമ്മറിനെ ചൊവ്വാഴ്ച രാത്രിയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കുമെന്ന് മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ.എസ്. സജീവ് കുമാർ പറഞ്ഞു.
