പാലാ നഗരസഭയിലെ യു‍ഡിഎഫ് കൗൺസിലർമാരുടെ വാട്സാപ് ഗ്രൂപ്പിൽനിന്നു ലെഫ്റ്റടിച്ച് സ്വതന്ത്ര കൂട്ടായ്മ, കോൺ​ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കും.


പാലാ: പാലാ നഗരസഭയിൽ ഭരണപക്ഷമായ യു.ഡി.എഫിൽ തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടവും, പിതാവ് ബിനു പുളിക്കക്കണ്ടവും, സഹോദരൻ ബിജു പുളിക്കക്കണ്ടവും ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മ യുഡിഎഫിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയി. 

 

 'ഇതുവരെ ലഭിച്ച സഹകരണത്തിനും സഹായങ്ങൾക്കും നന്ദി ' എന്ന സന്ദേശം ടീം യു. ഡി.എഫ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ചെയർപേഴ്‌സൺ ദിയ ബിനു അയച്ച ശേഷമാണ് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ ലെഫ്റ്റായത്. ടീം യു.ഡി.എഫ് എന്ന പേരിന് വിരുദ്ധമായ പ്രവർത്തമാണ് യുഡിഎഫ് നടത്തുന്നതെന്നും അതിനാൽ ഇവിടെ തുടരാൻ താൽപര്യമില്ലെന്നും അറിയച്ച ശേഷമാണ് ചെയർപേഴ്സണും ഫാമിലിയും ഗ്രൂപ്പ് വിട്ടത്. കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണു യുഡിഎഫ് ഭരണസമിതിയിലെ ഭിന്നതയ്ക്ക് തുടക്കം കുറിച്ചത്. ദിവസങ്ങൾക്ക് മുൻപ് നഗരസഭയിലെ യുഡിഎഫ് യോഗത്തിൽ വച്ച് തന്നെ ബിനു പുളിക്കകണ്ടം കയ്യേറ്റം ചെയ്തുവെന്ന് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു. ദിവസങ്ങൾക്ക് പിന്നാലെ വാ​ച്ചും​ ​ചേം​ബ​റി​ലി​രു​ന്ന​ ​ഫ​യ​ലും​ ​ഭരണപ​ക്ഷ​ ​കൗ​ൺ​സി​ല​ർ​ ​ബി​ജു​ ​മാ​ത്യൂ​സ് ​മോ​ഷ്ടി​ച്ച​താ​യി ആരോപിച്ചു ചെ​യ​ർ​പേ​ഴ്സ​ൺ​ ​ദി​യ​ ​ബി​നു​ ​പു​ളി​ക്ക​ക്ക​ണ്ടവും പോലീസിൽ പരാതി നൽകി. കയ്യേറ്റവും മോഷണവുമായി ആരോപണ പ്രത്യാരോപണങ്ങളിൽ നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ സ്വതന്ത്ര കൂട്ടായ്മയും കോൺഗ്രസ്സും തമ്മിലുള്ള അകൽച്ച വ്യക്തമായിരിക്കുകയാണ്. ഭരണസമിതിയിലെ അംഗങ്ങൾക്കിടയിലുള്ള ഭിന്നതയിൽ നഗരസഭയിൽ അധികാരം നഷ്ടമാകുമോ എന്ന ആശങ്കയിൽ ആണ് യുഡിഎഫ് നേതൃത്വം. പുളിക്കക്കണ്ടം ഫാമിലിക്ക് എതിരെ കോൺഗ്രസിലും പ്രതിഷേധം ശക്തമാണ്. ബിനു പുളിക്കക്കണ്ടത്തിന് വൈസ് ചെയർമാൻ സ്ഥാനം നൽകരുതെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്, സ്വതന്ത്ര കൂട്ടായ്മ, കെഡിപി എന്നിവയിലെ കൗൺസിലർമാർ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എംഎൽഎ എന്നിവർ യുഡിഎഫിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വിവരം തേടിയിട്ടുണ്ട്. തർക്കം രൂക്ഷമായതോടെ അധികാരത്തിലെത്തി കേവലം ആറുമാസം പിന്നിടുമ്പോള്‍ തന്നെ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 26 അംഗങ്ങളുള്ള നഗരസഭാ കൗണ്‍സിലില്‍ യുഡിഎഫിന് ആകെ 10 അംഗങ്ങളാണുള്ളത്. ഇതില്‍ ആറുപേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരും, മൂന്നുപേര്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നുള്ളവരും, ഒരാള്‍ മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയുമാണ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മയുടെയും ഒരു കോണ്‍ഗ്രസ് വിമത അംഗത്തിന്റെയും പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭയില്‍ അധികാരം പിടിച്ചത്. യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ രണ്ടര വര്‍ഷത്തേക്ക് ദിയ പുളിക്കക്കണ്ടത്തിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കാനും, കോണ്‍ഗ്രസ് വിമതയായ മായാ രാഹുലിനെ ആറുമാസത്തേക്ക് വൈസ് ചെയര്‍പേഴ്‌സണാക്കാനും തീരുമാനിച്ചിരുന്നു. ധാരണ പ്രകാരം മായാ രാഹുലിന്റെ ആറുമാസ കാലാവധി ജൂണ്‍ 26ന് അവസാനിക്കും. തുടര്‍ന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ബിനു പുലിക്കക്കണ്ടത്തിന് കൈമാറണമെന്നാണ് നേരത്തെയുള്ള തീരുമാനം. എന്നാല്‍ പിതാവും മകളും ഒരേസമയം ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന സാഹചര്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായതെന്നാണ് സൂചന. നിലവിലെ യുഡിഎഫ് ഭരണം വീഴ്ത്താനുള്ള തന്ത്രങ്ങളുമായി കേരള കോൺഗ്രസ് എമ്മും സജീവമാണ്. ഭരണം വീണാൽ കോൺഗ്രസുമായി സഹകരിച്ച് ഭരണത്തിൽ എത്താൻ കേരള കോൺഗ്രസ് എം തയ്യാറാകുമോ എന്നതാണ് നിർണായകമാകുക. കേരള കോൺഗ്രസ് എം -കോൺഗ്രസ്‌ സഖ്യത്തിന് പാലായിൽ തുടക്കം കുറിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവിൽ 10 അംഗങ്ങളാണ് കേരള കോൺഗ്രസ് എമ്മിന് ഉള്ളത്. 6 അംഗങ്ങൾ കോൺഗ്രസിനും 3 അംഗങ്ങൾ ജോസഫ് ഗ്രൂപ്പിനുമുണ്ട്. യുഡിഎഫ് ഭരണം വീണാൽ ബിനു പുളിക്കകണ്ടം ഉൾപ്പെടെയുള്ള സ്വതന്ത്രരുടെ പരോക്ഷ പിന്തുണയിലൂടെ അധികാരം പിടിക്കാനും കേരള കോൺഗ്രസ് എം നീക്കം നടത്തുന്നതായാണ് വിവരം. എന്നാൽ എൽഡിഎഫ് പിന്തുണയിൽ ഭരിക്കില്ലെന്നാണ് സ്വതന്ത്ര കൂട്ടായ്മ വ്യക്തമാക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിന് വിശ്വാസമില്ലെങ്കിൽ അധികാരത്തിൽ തുടരില്ലെന്നും കോൺഗ്രസ് ആവശ്യപ്പെട്ടാൽ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാൻ തയാറാണെന്ന് പാലാ ന​ഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മ പറഞ്ഞു.