ഫുട്ബോൾ കളിക്കിടെ സഹോദരനുമായി തർക്കം; ഈരാറ്റുപേട്ട തിടനാട് 11 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.


ഈരാറ്റുപേട്ട: ഫുട്ബോൾ കളിക്കിടെ സഹോദരനുമായി ഉണ്ടായ തർക്കത്തിനു പിന്നാലെ ഈരാറ്റുപേട്ട തിടനാട് 11 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

 

 തിടനാട് ടൗണിൽ വാടകയ്ക്ക് താമസക്കാരനായ വട്ടോടിപറമ്പിൽ സുഭാഷിൻ്റെ മകൻ ആമോസ് സുഭാഷ്(11) ആണ് മരിച്ചത്. വൈകിട്ട് സ്കൂൾ വിട്ട ശേഷം ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്ന് മനോവിഷമത്താൽ ആമോസ് വീടിനകത്ത് കയറി വാതിൽ അടയ്ക്കുകയായിരുന്നു. കളി കഴിഞ്ഞു വീട്ടിലെത്തിയ സഹോദരനാണ് ആമോസിനെ കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിൽ കണ്ടത്. ജോലി കഴിഞ്ഞ് ഈ സമയം വീട്ടിൽ എത്തിയ പിതാവ് കുട്ടിയെ ഉടൻ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തിടനാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തിടനാട് ഗവ. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.