കോട്ടയം: ദേശീയ സെന്‍സസ് 2026ന്‍റെ സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പറഞ്ഞു.

കോളജ് വിദ്യാര്‍ഥികളുടെ പങ്കാളിത്തമാണ് ഇതില്‍ ഏറെ ശ്രദ്ധേയം. കോളജുകളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് കാമ്പസുകളില്‍ സെല്‍ഫ് എന്യുമറേഷനും ബോധവത്കരണവും നടത്തുന്നത്. ചില കോളജുകളിലെ വിദ്യാര്‍ഥികള്‍ ഭവന സന്ദര്‍ശനവും നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായി സെന്‍സസില്‍ സ്വന്തം വിവരങ്ങള്‍ നേരിട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കുന്ന സെല്‍ഫ് എന്യുമറേഷന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍ ബെറുന്നതായും ജില്ലാ കളക്ടർ പറഞ്ഞു. സെന്‍സസ് ഉദ്യോഗസ്ഥര്‍ മേഖലാ അടിസ്ഥാനത്തില്‍ വിപുലമായ ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. ജൂണ്‍ 30 വരെയാണ് https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ സെല്‍ഫ് എന്യുമറേഷന്‍ നടത്താന്‍ അവസരമുള്ളത്. ഈ അവസരം പ്രയോജപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കണം. ഇതിനായി മൊബൈല്‍ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കാം. സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ സെല്‍ഫ് എന്യുമറേഷന്‍ നടത്തുന്നതിന് മേലധികാരികള്‍ നിര്‍ദേശം നല്‍കണം. സെല്‍ഫ് എന്യുമറേഷന്‍ നിര്‍ബന്ധിതമല്ലെന്ന് വീണ്ടും ഓര്‍മിപ്പിക്കുന്നു. പക്ഷെ, നമ്മുടെ വീടിന്‍റെ വിവരങ്ങള്‍ നമ്മള്‍തന്നെ നേരിട്ടു നല്‍കിക്കഴിഞ്ഞാല്‍ സെന്‍സസിന്‍റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കാനാകും. ജൂലൈ ഒന്നു മുതല്‍ എന്യുമറേറ്റര്‍മാര്‍ വീടുകളില്‍ എത്തുമ്പോള്‍ നമ്മള്‍ നല്‍കുന്ന എസ്.ഇ.ഐഡി ഉപയോഗിച്ച് അവര്‍ക്ക് എന്യുമറേഷന്‍ വിവരങ്ങള്‍ പരിശോധിച്ച് വാലിഡേറ്റ് ചെയ്യാനാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
