കരിമണൽ കൊള്ളയുടെ രണ്ടാം ഭാഗമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച കേരള ബജറ്റ്: അഡ്വ.ഷോൺ ജോർജ്.


എറണാകുളം: കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകാനുള്ള സംസ്ഥാന സർക്കാരിൻറെ നീക്കത്തിനെതിരെ ഭരണകക്ഷിയിലെ മുതിർന്ന നേതാക്കളായ കെസി വേണുഗോപാൽ, ജി സുധാകരൻ  അടക്കമുള്ള നേതാക്കൾ എതിർപ്പ് രേഖപ്പെടുത്തി കഴിഞ്ഞു എന്നും കരിമണൽ കൊള്ളയുടെ രണ്ടാം ഭാഗമാണ് ബജറ്റിലൂടെ മുഖ്യമന്ത്രി അവതരിപ്പിച്ചിട്ടുള്ളത് എന്നും ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ.ഷോൺ ജോർജ് പറഞ്ഞു.

 

 കേരളത്തിൻറെ തീരദേശം കരിമണൽ കൊണ്ട് സമ്പന്നമാണ്. ഭാരതം മുഴുവനുമുള്ള മിനറൽ സ്വത്തിനെക്കാൾ കേരളതീരത്ത് മിനറൽ സ്വത്ത് ഒളിഞ്ഞു കിടപ്പുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. കരിമണലുമായി ബന്ധപ്പെട്ട് സിഎംആർഎൽ - എക്സാലോജിക് കേസ് ആരംഭിച്ചതു മുതൽ ആറ്റമിക് എനർജി ഡിപ്പാർട്ട്മെന്റിനും സംസ്ഥാന സർക്കാരിനും കേരള ഹൈക്കോടതിയിലും നിരവധി ഹർജികൾ താൻ സമർപ്പിച്ചിട്ടുണ്ട് എന്നും അതിൽ എടുത്തുപറയേണ്ടത് നവംബർ 19- 2024 ൽ കേരള ഹൈക്കോടതി, അറ്റോമിക് എനർജി മിനറൽസ് അവിടെയുള്ള സാഹചര്യത്തിൽ ഈ വിഷയത്തെക്കുറിച്ച് പഠിച്ച്  റിപ്പോർട്ട് സമർപ്പിക്കാൻ കേരള സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. നാളിതുവരെയായി ഈ വിഷയത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് ഷോൺ ജോർജ് പറഞ്ഞു. മാർച്ച് 1 - 2019ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഉത്തരവ് പ്രകാരം പൊതുമേഖല സ്ഥാപനങ്ങൾക്കോ സർക്കാർ ഏജൻസികൾക്കോ അല്ലാതെ മറ്റാർക്കും ഖനന അനുമതി ഇല്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇതിനെ സ്വകാര്യവൽക്കരിക്കുക എന്നുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നിയമവിരുദ്ധമാണ്, അതുപോലെതന്നെ മറ്റാരെയോ സംരക്ഷിക്കാനുള്ള ഗൂഢലക്ഷ്യമാണെന്ന് ഷോൺ പറഞ്ഞു. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി മാറി മാറി വന്നിട്ടുള്ള ഇടത് വലതു സർക്കാർ കേരളതീരത്തുള്ള ഈ വലിയ സമ്പത്തിനെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്. ആ കൊള്ളയടിച്ചതിന്റെ വീതം പറ്റിയതിന്റെ കേസാണ് ഇപ്പോൾ മാസപ്പടി ഇനത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന് ഷോൺ പറഞ്ഞു. വീതം പറ്റിയ ആളുകളുടെ ലിസ്റ്റ് ഇനിയും പുറത്തു വരാനുണ്ട്, ആ ലിസ്റ്റ് പുറത്തു വരുമ്പോൾ മന്ത്രിസഭയിലെ ഉന്നത പദവി വഹിക്കുന്നവരും ഉണ്ടാവും. അത് ഒന്നും രണ്ടും ലക്ഷമല്ല കോടികളാണ്. വീണ്ടും അധികാരത്തിൽ വന്നു നിസ്സാര ദിവസങ്ങൾക്കുള്ളിൽ തന്നെ അടുത്ത കൊള്ളയ്ക്കുള്ള കോപ്പ് കൂട്ടുകയാണ് എന്നും ഷോൺ ജോർജ്ജ് പറഞ്ഞു. നമ്മുടെ കുട്ടികൾ ജീവിക്കാൻ മാർഗം ഇല്ലാതെ ജോലി തേടി  വിദേശത്തേക്ക് പലായനം ചെയ്യുമ്പോൾ നമ്മുടെ യഥാർത്ഥ സ്വത്തിനെ കൊള്ളയടിക്കാൻ ഇടതുവലത് രാഷ്ട്രീയ നേതൃത്വം നിന്നു കൊടുക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു. ഇന്ന് നമ്മൾ ഏറ്റവും അധികം ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളാണ് അതിൻറെ ബാറ്ററികളിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് പെർമനന്റ് മാഗ്നറ്റ് ആണ്. പെർമനന്റ് മാഗ്നറ്റ് ഇന്ന് ഏറ്റവും അധികം നിർമ്മിക്കുന്നത് ചൈനയാണ്. എന്നാൽ അത് ഉത്പാദിപ്പിക്കാൻ കഴിയുന്ന വലിയ ധാതു സമ്പത്ത് നമ്മുടെ കേരളതീരത്ത് ഒളിഞ്ഞു കിടപ്പുണ്ട്. അത് മനസ്സിലാക്കിയ വിദേശ കമ്പനികളും ഇന്ത്യയിൽ തന്നെയുള്ള ഭീമന്മാരും സംസ്ഥാന സർക്കാരിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ഇത്തരത്തിലുള്ള പദ്ധതികൾക്കായി 7500 കോടി മാറ്റിവെച്ചിട്ടുണ്ട്, വെറും 400 കോടി മുടക്കിയാൽ പോലും സംസ്ഥാന സർക്കാരിന് ഗവൺമെൻറ് സെക്ടറിൽ തന്നെ മുഴുവൻ മിനറലുകളും എക്സ്ട്രാക്ട് ചെയ്ത് എടുക്കുവാൻ സാധിക്കും. നൂറുകണക്കിന് ചെറുപ്പക്കാർക്ക് ജോലി കൊടുക്കുവാൻ സാധിക്കും. പക്ഷേ അതിന് ഒരു പ്രശ്നം ഉള്ളത് സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇല്ലെങ്കിൽ അഴിമതി നടക്കില്ല എന്ന് അദ്ദേഹം പരിഹസിച്ചു. രണ്ടു പതിറ്റാണ്ട് കാലമായി കേരളത്തിലെ ഇടതു വല്ലതുമുന്നണികളെ തീറ്റിപ്പോറ്റുന്നത് ഈ കരിമണൽ മാഫിയ ആണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് അറുതി വരുത്തിയെ മതിയാവൂ. ഭാരതീയ ജനതാ പാർട്ടി ഈ വിഷയത്തിൽ ശക്തമായി സമരരംഗത്ത് ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. കേരളതീർത്തു നിന്നും ഇനി ഒരു കിലോ മണൽ പോലും ഖനനം ചെയ്യാൻ ഭാരതീയ ജനതാ പാർട്ടി സമ്മതിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ പത്തുവർഷം നടത്തിക്കൊണ്ടിരുന്ന അതേ കൊള്ള മറ്റൊരു പേരിൽ മറ്റൊരു രൂപത്തിൽ നടപ്പിലാക്കാൻ വി ഡി സതീശൻ കൊണ്ടുവന്നതാണ് ഈ തീരദേശ മേഖലയിലെ ഖനനത്തിലെ സ്വകാര്യവൽക്കരണം. ഇത് ഇനി അനുവദിക്കാൻ ആവില്ല. കാരണം ഒരു വർഷം ഖനനം ചെയ്യുന്നത് കേരള ബഡ്ജറ്റിന്റെ മുകളിലുള്ള തുകയ്ക്കുള്ള കരിമണൽ ആണ് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ന് വാർത്തകളിൽ കാണുന്ന മിസൈലുകളും ബോംബുകളും നമ്മുടെ തീരത്തു നിന്നും കടത്തിക്കൊണ്ടുപോയ കരിമണൽ ഉപയോഗിച്ച് നിർമ്മിച്ചതല്ല എന്ന് പറയുവാൻ നമുക്ക് സാധിക്കില്ല, കാരണം ഇത് വിദേശത്തേക്ക് കടത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ആറ്റമിക് എനർജി ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണം ഈ വിഷയത്തിൽ വേണമെന്ന് ഭാരതീയ ജനതാ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്, കേരള ഹൈക്കോടതി ഈ വിഷയം പരിഗണിക്കുന്നുണ്ട് എന്നും ഷോൺ പറഞ്ഞു. എല്ലാത്തിനും സി ബി അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി എക്സാലോജിക് സിഎംആർഎൽ കേസിൽ സിബിഐ അന്വേഷണത്തിന് തയ്യാറാണോ എന്നും ഷോൺ ചോദിച്ചു. കോടാനുകോടി വില വരുന്ന കരിമണൽ കേരളത്തിനിന്നും കടത്തപ്പെട്ടിട്ടുണ്ട് ഇത് ഇനി അനുവദിക്കാൻ പറ്റില്ല എന്ന് മാത്രമല്ല ഇതിന് മുമ്പ് ഒത്താശ ചെയ്തു കൊടുത്തവരുടെ വിവരങ്ങൾ കൂടി പുറത്തു വരേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഇത് കാട്ടു കൊള്ളയാണ്, ഇതിനെതിരെ ശബ്ദമുയർത്തിയ പലരെയും തോട്ടപ്പള്ളിയിൽ നിന്ന് കാണാതായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2018ലെ പ്രളയത്തിന് ശേഷം തോട്ടപ്പിള്ളി സ്പിൽവേയുടെ മുന്നിൽ അടിഞ്ഞു കൂടിയിട്ടുള്ള മണൽ നീക്കം ചെയ്യണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ മറവിൽ കോടാനുകോടികളുടെ കരിമണൽ ആണ് കടത്തിയത്. ഇത് എന്താണ് ചെയ്തത്, ഇത് എവിടെപ്പോയി എന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല. ഫെബ്രുവരി മാസം രണ്ടാം തീയതി ഒരു ടെൻഡർ നടന്നതായി അറിയാൻ സാധിച്ചിട്ടുണ്ട്. ആ ബിഡ്ഡിങ്ങിന്റെ പൂർണ്ണമായ ഒരു വിവരവും പുറത്തുവന്നിട്ടില്ല. ഏതൊക്കെ കമ്പനികളാണ് പങ്കെടുത്തത് എന്നതടക്കമുള്ള ഒരു വിവരവും ലഭ്യമല്ല. എന്നാൽ ഈ ടെണ്ടർ എടുത്തിരിക്കുന്ന കമ്പനി രണ്ടാഴ്ചയ്ക്ക് മുന്നേ തന്നെ കരാർ ഒപ്പിട്ടതായി അറിയാൻ സാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. തെലുങ്കാന ആസ്ഥാനമായിട്ടുള്ള ഒരു കമ്പനിയാണ് എന്ന് മാത്രമേ അറിയാൻ സാധിച്ചിട്ടുള്ളൂ. ബാക്കി വിവരങ്ങൾ അറിയുവാൻ വിവരാവകാശം വച്ചിട്ടുണ്ട്. ഈ കമ്പനിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ വളരെ ഉന്നതരായിട്ടുള്ള നേതാക്കൾക്ക് ബന്ധമുള്ള കമ്പനിയാണ് എന്നാണ് അറിയാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒ ഇ സി ഡി നിയമങ്ങൾ കർശനമായി പാലിച്ച് മുന്നോട്ട് പോയാൽ ഭാരതത്തിൻ്റെ തന്നെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായി ഇതിനെ മാറ്റുവാൻ നമുക്ക്  കഴിയും. വലിയതോതിൽ റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ഉൾപ്പെട്ടിട്ടുള്ള കരിമണൽ ഖനനം ചെയ്യുമ്പോൾ വേണ്ടതായിട്ടുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കാതെയാണ് ഇത് ചെയ്യുന്നത്. പ്രദേശവാസികളുടെ ആരോഗ്യസ്ഥിതി അടക്കം പരിശോധിക്കാതെ, വേണ്ടത്ര പഠനം നടത്താതെ രണ്ടാം കരിമണൽ കൊള്ളയ്ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന നടപടിയാണ് സംസ്ഥാന ബജറ്റിലൂടെ വി ഡി സതീശൻ ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വക്താവ് പി ആർ ശിവശങ്കർ, ജില്ലാ മീഡിയ സെൽ കൺവീനർ നവീൻ ശിവൻ എന്നിവർ പങ്കെടുത്തു.