കോട്ടയം: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം കോട്ടയം ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ജില്ലയിലെ 79732 കുട്ടികള്‍ക്ക് വാക്സിന്‍ നൽകിയതായി ജില്ല ആർ സി എച് ഓഫീസർ ഡോ.ബി കെ പ്രസീത അറിയിച്ചു.

മരുന്നു വിതരണത്തിനായി ജില്ലയിൽ വിവിധയിടങ്ങളിലായി 1218 ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത മൂന്ന് ദിവസങ്ങളില്‍ വീടുകളിലെത്തി നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ സാം സാവിയോ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ വൈശാഖ്, കോട്ടയം നഗരസഭാ അധ്യക്ഷൻ എം പി സന്തോഷ് കുമാർ, ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സി ജെ സിതാര തുടങ്ങിയവർ പങ്കെടുത്തു.
