കോട്ടയം: പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയണം എന്നു പറഞ്ഞു നടന്ന യുഡിഎഫ്, ഇപ്പോൾ പദ്ധതി നടപ്പിലാക്കുവാൻ ബിജെപിയെക്കാൾ വ്യഗ്രത കാണിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ പറഞ്ഞു.

ഇത് ഈ സർക്കാരിന്റെ ഒറ്റപ്പെട്ട നയമല്ല മറിച്ച് ഈ സർക്കാർ നിലവിൽ വന്നതിനുശേഷം എടുത്തിരിക്കുന്ന എല്ലാ തീരുമാനങ്ങളിലും ബിജെപിയുമായുള്ള സഖ്യം വെളിവാകുന്നുണ്ട്. പണ്ടൊരു ശ്രീനിവാസൻ സിനിമയിൽ പറഞ്ഞിട്ടുള്ളത് പോലെ "അവർ തമ്മിലുള്ള അന്തർധാര വളരെ സജീവമായിരുന്നു" എന്ന് ചിന്തിക്കേണ്ടതായി വരുന്നു എന്നും അദ്ദേഹം പറഞ്ഞു. 2020 കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ എല്ലാ ഘടകങ്ങളും നയപരമായി നടപ്പിലാക്കുവാൻ പി എം ശ്രീ എന്ന മുഖംമൂടിയിട്ട് ഒരു പദ്ധതി വരുന്നു. ആ പദ്ധതിയെ എതിർക്കുന്ന എല്ലാ സംസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ മേഖലയിൽ തുരങ്കം വെക്കുന്ന തരത്തിലുള്ള സമീപനം കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഉണ്ടാകുന്നു. വിദ്യാഭ്യാസ മേഖലയിലേക്ക് വരുന്ന ഫണ്ടുകൾ തടഞ്ഞു വെക്കുന്നു. ഇതായിരുന്നു സ്ഥിതിയെങ്കിൽ എന്തായിരിക്കും കേന്ദ്ര വിദ്യാഭ്യാസ നയത്തിൽ ഉണ്ടായിരിക്കുന്നത് എന്നുള്ളത് ഊഹിക്കാൻ ഉള്ളതേയുള്ളൂ എന്നും വി എൻ വാസവൻ പറഞ്ഞു. പി എം ശ്രീ പദ്ധതിയുടെ പേരിൽ വസ്തുതകൾ മനസ്സിലാക്കാതെ യുഡിഎഫ്, കഴിഞ്ഞ സർക്കാർ ഭരണകാലത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആയി നടത്തിയ പൊറാട്ടുനാടകങ്ങളുടെ കള്ളി വെളിച്ചത്ത് ആകുന്ന സ്ഥിതിയാണ് നിലവിൽ സംജാതമായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സഹായിച്ചതിന് പ്രത്യുപകാരം ആയിട്ടായിരിക്കണം ഈ പദ്ധതിയും നടപ്പിലാക്കുന്നത്. ഏതായാലും ഞങ്ങളുടെ അറിവിൽ അറബിക്കടലിൽ ഇങ്ങനെ ഒരു പദ്ധതി ഒഴുകി എത്തുകയോ എറിയപ്പെടുകയോ ചെയ്തിട്ടില്ല. ഇന്ദിരാഭവനിൽ ഉണ്ടാകും എന്നതിൽ സംശയമില്ലാതെയുമില്ല എന്നും വി എൻ വാസവൻ പറഞ്ഞു.
