കോട്ടയം: എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന മധ്യവയസ്കയുടെ സ്രവങ്ങളുടെ പരിശോധന ഫലം ഇന്ന് വന്നേക്കും.

എബോള വൈറസ് സംശയത്തെത്തുടർന്ന് സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനി കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയാണ്. തിരുവനന്തപുരത്തേക്കയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് വന്നേക്കുമെന്നാണ് സൂചന. എന്നാൽ എബോള രോഗബാധയുടെ ലക്ഷണങ്ങളില്ലെന്നും മുന്കരുതലിന്റെ ഭാഗാമായാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ വലവൂർ സ്വദേശിനിയായ അമ്പത്തിരണ്ട് വയസ്സുകാരിയായ സ്ത്രീയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത്. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് കേരളത്തിലെത്തിയത്. പനിയും ഛർദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ടായിരുന്ന ഇവരെ ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കണക്ഷൻ ഫ്ലൈറ്റിന് ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛർദിയും ഷുഗർ ഉയർന്ന നിലയിലുമായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
