പാലാ ബ്രില്യന്റ് അക്കാദമിയിലെ വിദ്യാർത്ഥിനിയുടെ മരണം; സ്ഥാപനത്തിനെതിരെ പരാതിയുമായി ബന്ധുക്കൾ.


പാലാ: പാലാ ബ്രില്യന്റ് അക്കാദമിയിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ സ്ഥാപനത്തിനെതിരെ പരാതിയുമായി ബന്ധുക്കൾ. കാസർഗോഡ് സ്വദേശിനിയായ കാദംബരിയിൽ മഹേഷ്‌ - രാധിക ദമ്പതികളുടെ മകൾ ഐജ ആർ മഹേഷ് (19) ആണ് കഴിഞ്ഞ ദിവസം ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്.

 

 പാലാ ബ്രില്യന്റ് സ്റ്റഡി സെൻററിൽ നീറ്റ് പരീക്ഷയയുടെ തുടർപരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയായിരുന്നു ഐജ. കഠിന പരിശീലനത്തെ തുടർന്നുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പാല എം.എൽ.എയുമായി ബന്ധപ്പെടുകയും കോട്ടയം എസ്.പി ക്ക് പരാതി നൽകുവാൻ ഏർപ്പാടാക്കുകയും ചെയ്തതായി ഐജയുടെ വീട് സന്ദർശിച്ച ഉദുമ എംഎൽഎ കെ. നീലകണ്ഠൻ പറഞ്ഞിരുന്നു. 



ജൂൺ 2 ചൊവ്വാഴ്ചയാണ് സംഭവം. ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഐജയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. എന്നാൽ ഐജയുടെ മരണവിവരം ഉച്ചയ്ക്ക് 2 മണിയോടെ മാത്രമാണ് അധികൃതര്‍ മരണവിവരം മാതാപിതാക്കളെ അറിയിക്കുന്നത് എന്നും മരണ വിവരം 2 മണിക്കൂർ കഴിഞ്ഞാണ് തങ്ങളെ അറിയിച്ചതെന്നും ബന്ധുക്കൾ എത്തുന്നതിനു മുൻപ് ഇൻക്വസ്റ്റ് നടപടികൾ നടത്തിയെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ഐജയുടേതായി ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് മാതാപിതാക്കളെ കാണിച്ചിട്ടില്ല. മകളുടെ ഹോസ്റ്റല്‍ മുറി കാണാന്‍ മാതാപിതാക്കളും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും അധികൃതർ നിഷേധിക്കുകയായിരുന്നു. വിദ്യാർത്ഥിനി പഠനം തുടരാൻ താത്പര്യമില്ലെന്ന് മാതാപിതാക്കളെ അറിയിച്ചിരുന്നതായും ബുദ്ധിമുട്ടാണെങ്കില്‍ തിരിച്ചുപോരാന്‍ മാതാപിതാക്കള്‍ പറഞ്ഞിരുന്നതായും എന്നാൽ പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു എന്നും മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ പ്രതികരിക്കാൻ മറ്റു വിദ്യാർത്ഥികളോ വിദ്യാർത്ഥികളുടെ മാതാപിതാക്കളോ തയ്യാറായിട്ടില്ല. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.