സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ, പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം തുടരുന്നു, സമവായ ചർച്ചകളിൽ ഫലമായില്ല


പാലാ: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണപക്ഷത്തെ ആഭ്യന്തര തർക്കം അവസാനിക്കാതെ തുടരുന്നു. സ്വതന്ത്ര മുന്നണിയുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ കട്ടായം നിലപാട് എടുത്തിരിക്കുകയാണ്. ഈ നിലപാട് ഔദ്യോഗികമായി തന്നെ കോൺഗ്രസ്സ് കൗൺസിലർമാർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ജില്ലാ-സംസ്ഥാന നേതൃത്വത്തിന്റെ സമവായ ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ല.

 

 തർക്കം കൂടുതൽ രൂക്ഷമാകുന്നതോടെ പ്രശ്നപരിഹാരത്തിനായി യുഡിഎഫിന്റെ നേതൃത്വത്തിൽ സമവായ ചർച്ചകൾ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ സ്വതന്ത്ര മുന്നണിയുമായി സഹകരിച്ച് മുന്നോട്ടുപോകാനാകില്ലെന്നും സ്വന്ത്ര മുന്നണിയിലുള്ള വിശ്വാസം നഷ്ടമായതായും കോൺഗ്രസ്സ് കൗൺസിലർ ബിജു മാത്യൂസ് പറഞ്ഞു. ചെയർപേഴ്‌സണിലും സ്വതന്ത്ര കൂട്ടായ്മയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കോൺഗ്രസ്സ് കൗൺസിലർമാർ നേതൃത്വത്തിന് കത്തെഴുതിയിരുന്നു. വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയാണ് കത്തിൽ ഒപ്പിട്ടത്. പാലാ നഗരസഭയിൽ ഭരപക്ഷത്തിനകത്ത് അകൽച്ചയും പരസ്യപ്പോരും രൂക്ഷമായിരിക്കുകയാണ്. ഭരണസമിതിയിലെ അംഗങ്ങൾക്കിടയിലുള്ള ഭിന്നതയിൽ നഗരസഭയിൽ വർഷങ്ങൾക്ക് ശേഷം ലഭിച്ച അധികാരം നഷ്ടമാകുമോ എന്ന ആശങ്കയിൽ ആണ് യുഡിഎഫ് നേതൃത്വം. തർക്കം രൂക്ഷമായതോടെ അധികാരത്തിലെത്തി കേവലം ആറുമാസം പിന്നിടുമ്പോള്‍ തന്നെ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം യുഡിഎഫ് ഭരണം നഷ്ടമായാൽ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നാലും ഭരണം പിടിക്കില്ലെന്ന് കേരള കോൺഗ്രസ് (എം) നേതൃത്വം അറിയിച്ചു. 26 അംഗങ്ങളുള്ള നഗരസഭാ കൗണ്‍സിലില്‍ യുഡിഎഫിന് ആകെ 10 അംഗങ്ങളാണുള്ളത്. ഇതില്‍ ആറുപേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരും, മൂന്നുപേര്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നുള്ളവരും, ഒരാള്‍ മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയുമാണ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മയുടെയും ഒരു കോണ്‍ഗ്രസ് വിമത അംഗത്തിന്റെയും പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭയില്‍ അധികാരം പിടിച്ചത്. യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ രണ്ടര വര്‍ഷത്തേക്ക് ദിയ പുളിക്കക്കണ്ടത്തിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കാനും, കോണ്‍ഗ്രസ് വിമതയായ മായാ രാഹുലിനെ ആറുമാസത്തേക്ക് വൈസ് ചെയര്‍പേഴ്‌സണാക്കാനും തീരുമാനിച്ചിരുന്നു. ധാരണ പ്രകാരം മായാ രാഹുലിന്റെ ആറുമാസ കാലാവധി ജൂണ്‍ 26ന് അവസാനിക്കും. തുടര്‍ന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ബിനു പുലിക്കക്കണ്ടത്തിന് കൈമാറണമെന്നാണ് നേരത്തെയുള്ള തീരുമാനം. എന്നാല്‍ പിതാവും മകളും ഒരേസമയം ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന സാഹചര്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായതെന്നാണ് സൂചന. കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണു യുഡിഎഫ് ഭരണസമിതിയിലെ ഭിന്നതയ്ക്ക് തുടക്കം കുറിച്ചത്. ദിവസങ്ങൾക്ക് മുൻപ് നഗരസഭയിലെ യുഡിഎഫ് യോഗത്തിൽ വച്ച് തന്നെ ബിനു പുളിക്കകണ്ടം കയ്യേറ്റം ചെയ്തുവെന്ന് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു. ദിവസങ്ങൾക്ക് പിന്നാലെ വാ​ച്ചും​ ​ചേം​ബ​റി​ലി​രു​ന്ന​ ​ഫ​യ​ലും​ ​ഭരണപ​ക്ഷ​ ​കൗ​ൺ​സി​ല​ർ​ ​ബി​ജു​ ​മാ​ത്യൂ​സ് ​മോ​ഷ്ടി​ച്ച​താ​യി ആരോപിച്ചു ചെ​യ​ർ​പേ​ഴ്സ​ൺ​ ​ദി​യ​ ​ബി​നു​ ​പു​ളി​ക്ക​ക്ക​ണ്ടവും പോലീസിൽ പരാതി നൽകി. കയ്യേറ്റവും മോഷണവുമായി ആരോപണ പ്രത്യാരോപണങ്ങളിൽ നഗരസഭയുടെ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്.