പാലാ: ആഴ്ചകളായി നീണ്ടുനിന്ന ആരോപണ പ്രത്യാരോപണങ്ങൾക്കും കയ്യേറ്റ-മോഷണ പരാതികൾക്കുമൊടുവിൽ പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധികൾക്കും തർക്കങ്ങൾക്കും പരിഹാരമാകുന്നു. കോൺഗ്രസ്സ് നേതൃത്വം ഇടപെട്ടു നടത്തിയ ചർച്ചയിലാണ് സ്വതന്ത്ര മുന്നണിയും യുഡിഎഫ് കൗൺസിലർമാരും നിർദ്ദേശങ്ങൾ അംഗീകരിച്ചത്.

മുൻപ് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നെങ്കിലും ഇത്തവണ ചർച്ച വിജയം കാണുകയായിരുന്നു. ചെയർപേഴ്സൺ സ്ഥാനത്തു നിന്നും ദിയ ബിനു പുളിക്കക്കണ്ടത്തിനെ മാറ്റണമെന്നും ദിയയുമായും സ്വതന്ത്ര മുന്നണിയുമായും സഹകരിക്കാൻ സാധിക്കില്ല എന്ന കോൺഗ്രസ്സ് കൗൺസിലർമാരുടെ നിലപാടാണ് ഇപ്പോൾ മയപ്പെട്ടിരിക്കുന്നത്. നിലവിലെ വൈസ് ചെയർമാൻ മായാ രാഹുൽ രാജിവെക്കുന്നതോടെ വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കും എന്നതാണ് ചർച്ചയിൽ തീരുമാനമായിരിക്കുന്നത്. ഇത് സ്വതന്ത്ര മുന്നണി കൗൺസിലർമാർ അംഗീകരിച്ചിട്ടുണ്ട്. കൊട്ടാരമറ്റം ബസ് ടെർമിനലിൽ സ്ഥാപിച്ച ഓട്ടോ സ്റ്റാൻഡിന് നിയമവിധേയമായി അംഗീകാരം നൽകുക, കോൺഗ്രസ് കൗൺസിലർക്കെതിരെ നൽകിയ മോഷണ പരാതി പിൻവലിക്കുക എന്നീ നിർദ്ദേശങ്ങളാണ് സമവായ ചർച്ചയിൽ വന്നത്. അതോടൊപ്പം ഭരണ മേൽനോട്ടത്തിനായി യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ സ്റ്റീയറിംഗ് കമ്മിറ്റി രൂപീകരിക്കാനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. കോൺഗ്രസ്സ് അംഗങ്ങളും സ്വതന്ത്ര മുന്നണി അംഗങ്ങളും ഭരണസമിതിയിലുള്ള ഇതര അംഗങ്ങളും നിർദ്ദേശം അംഗീകരിച്ചു. ഭരണ തുടക്കത്തിലേ യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ രണ്ടര വര്‍ഷത്തേക്ക് ദിയ പുളിക്കക്കണ്ടത്തിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കാനും, കോണ്‍ഗ്രസ് വിമതയായ മായാ രാഹുലിനെ ആറുമാസത്തേക്ക് വൈസ് ചെയര്‍പേഴ്‌സണാക്കാനും തീരുമാനിച്ചിരുന്നു. ധാരണ പ്രകാരം മായാ രാഹുലിന്റെ ആറുമാസ കാലാവധി ജൂണ്‍ 26ന് അവസാനിക്കും. തുടര്‍ന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ബിനു പുളിക്കക്കണ്ടത്തിന് കൈമാറണമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഇതിനിടെയുണ്ടായ പ്രതിസന്ധികൾക്കൊടുവിലാണ് വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസ്സ് ഏറ്റെടുക്കാൻ തീരുമാനിച്ചത്. കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണു യുഡിഎഫ് ഭരണസമിതിയിലെ ഭിന്നതയ്ക്ക് തുടക്കം കുറിച്ചത്. ദിവസങ്ങൾക്ക് മുൻപ് നഗരസഭയിലെ യുഡിഎഫ് യോഗത്തിൽ വച്ച് തന്നെ ബിനു പുളിക്കകണ്ടം കയ്യേറ്റം ചെയ്തുവെന്ന് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു. ദിവസങ്ങൾക്ക് പിന്നാലെ വാച്ചും ചേംബറിലിരുന്ന ഫയലും ഭരണപക്ഷ കൗൺസിലർ ബിജു മാത്യൂസ് മോഷ്ടിച്ചതായി ആരോപിച്ചു ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടവും പോലീസിൽ പരാതി നൽകിയിരുന്നു.
