എരുമേലി: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ എരുമേലിക്കാർ ആകാംക്ഷയോടെ നോക്കിയിരുന്ന ശബരി റെയിൽവേ പദ്ധതിയെക്കുറിച്ചും ശബരിമല വിമാനത്താവളത്തെക്കുറിച്ചും പരാമർശിക്കാതെ ബജറ്റ്. ഇരു പപദ്ധതികളെക്കുറിച്ചും ഒരു വരി പോലും വി ഡി സതീശൻ സർക്കാരിന്റെ ബജറ്റിൽ പരാമർശിച്ചിട്ടില്ല.
എരുമേലിയെ തിരുപ്പതി മോഡൽ “പൈതൃക നഗരം” പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി സാധ്യതാ പഠനം നടത്തുന്നതിന് 1 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ശബരിമലയും എരുമേലിയുമായും ബന്ധപ്പെട്ട വലിയ പദ്ധതികളായ ശബരി റെയിൽവേ പദ്ധതിയെക്കുറിച്ചും ശബരിമല വിമാനത്താവളത്തെക്കുറിച്ചും ബജറ്റിൽ പരാമർശമില്ല.
ശബരി റെയിൽവേ പദ്ധതിയിൽ പദ്ധതിച്ചെലവിന്റെ പകുതി വിഹിതം കേന്ദ്ര സർക്കാർ വഹിക്കാമെന്നും പക്തി വിഹിതം സംസ്ഥാന സർക്കാർ വഹിക്കാമെന്നുമുള്ള ഉറപ്പിന്മേൽ പദ്ധതിക്ക് വീണ്ടും ജീവൻ വെച്ചിരുന്നു. റെയിൽവേ ബജറ്റിൽ 505 കോടി രൂപ ശബരി പദ്ധതിക്കായി അനുവദിച്ചിരുന്നു. പദ്ധതി ചെലവിന്റെ പകുതി വിഹിതമായ 1,900 കോടി രൂപ കിഫ്ബി വഴി അനുവദിക്കുമെന്നു എൽഡിഎഫ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഭൂമിയേറ്റെടുക്കാതെ റെയിൽവേ ബജറ്റിൽ അനുവദിച്ചിരിക്കുന്ന 505 കോടി രൂപ ഉപയോഗിക്കാൻ സാധിക്കില്ല. ജനുവരി അവസാനംവരെ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചിരിക്കുകയായിരുന്നു. എൽഡിഎഫ് സംസ്ഥാന സർക്കാരിൻ്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് പിന്നീട് നടപടി വേഗത്തിലാക്കിയത്. ഇടുക്കിയെ റെയിൽവേ ഭൂപടത്തിലേക്ക് കൊണ്ടുവരികയും ശബരിമല തീർഥാടകർക്ക് സഹായമാകുകയും ചെയ്യുന്ന പദ്ധതി ഏറെ പ്രയോജനകരമായിരുന്നു.
ശബരിമല തീർത്ഥാടകരുടെ ദീർഘനാളത്തെ ആഗ്രഹമായ ശബരി റെയിൽ പദ്ധതിയെ പരാമർശിയ്ക്കാതെയാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നടന്നത്. ശബരിമല തീർത്ഥാടനത്തിനും, മധ്യ തിരുവതാംകൂറിന്റെ സമഗ്ര വികസനത്തിനും കാർഷിക- ടൂറിസം മേഖലകളുടെ വലിയ മുന്നേറ്റത്തിനും ഇടയാക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വികസന പ്രവർത്തനമാണ് അങ്കമാലി-എരുമേലി ശബരി റെയിൽവേ പാത.
പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും. ആയിരക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയുടെ കവാടമായ എരുമേലിയിൽ ശബരി റെയിൽവേയും ശബരി വിമാനത്താവളവും പൂർത്തിയായാൽ വികസന സ്വപ്നങ്ങളിൽ എരുമേലി സ്മാർട്ട് സിറ്റിയാകുമെന്ന കാര്യത്തിൽ സംശയമില്ല.
ദീർഘനാളുകളായുള്ള മലയോര മേഖലയുടെയും സമീപ ജില്ലക്കാരുടെയും എരുമേലിയുടെയും തളിർത്തു തുടങ്ങിയ വികസന സ്വപ്‌നങ്ങൾക്കാണ് ഇപ്പോൾ വാട്ടലേറ്റിരിക്കുന്നത്. അങ്കമാലി-ശബരി റെയിൽവേ പദ്ധതി കേരളത്തിൻ്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്.
ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. ശബരിമല വിമാനത്താവള പദ്ധതിക്കായി കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിലും തുക അനുവദിച്ചിരുന്നു.