കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മൂന്നു മാസത്തോളമായി മരുന്നുകൾ ലഭ്യമാകാത്തതിനെ തുടർന്ന് രോഗികൾ വലയുന്നു. ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ല.

സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തിനായുള്ള ടെണ്ടർ നടപടികളിലെ അപാകതകളും കാലതാമസവും മരുന്നു വിതരണക്കാർക്ക് നൽകേണ്ട കുടിശിക തുക കൂടിയതുമാണ് മരുന്ന് ലഭിക്കാതിരിക്കാൻ കാരണം. ഇതോടെ ബുദ്ധിമുട്ടിലായത് കാൻസർ ചികിത്സയ്ക്കും മരുന്നുകൾക്കുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശ്രയിക്കുന്ന തികച്ചും സാധാരണക്കാരായ പാവപ്പെട്ടവരാണ്. വില കൂടിയ മരുന്നുകൾ ഒന്നും ആശുപത്രി സ്റ്റോറിൽ സ്റ്റോക്കില്ലാത്തതിനാൽ ഫാർമസി വഴി വിതരണം ചെയ്യാൻ സാധിക്കുന്നില്ല. ഇതോടെ കൂടിയ വിലയ്ക്ക് പുറത്തു നിന്നുമുള്ള മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങേണ്ടി വരുന്നത് സാധാരണക്കാർക്ക് താങ്ങാനാകുന്നതല്ല. കോട്ടയം ജില്ലയിൽ നിന്ന് മാത്രമല്ല സമീപ ജില്ലകളിൽ നിന്നുള്ളവരും കാൻസർ ചികിത്സയ്ക്കും മരുന്നുകൾക്കുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. 7 കോടി രൂപയുടെ കാൻസർ മരുന്നാണ് ഒരുവർഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യമുള്ളത്. ദിവസേന നൂറ്റമ്പതോളം രോഗബാധിതർ കീമോതെറപ്പി– കുത്തിവയ്പ്പിനും മരുന്നിനുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത്. മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലുള്ള കാരുണ്യ ഫാർമസിയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച സീറോ പ്രോഫിറ്റ് കൗണ്ടറിലും മരുന്നില്ല. ആയിരങ്ങളും പതിനായിരങ്ങളും വില വരുന്ന മരുന്നുകൾ പുറത്തു നിന്നും വാങ്ങുന്നത് സാധാരണക്കാർക്ക് കനത്ത സാമ്പത്തിക ബുദ്ധിമുട്ടാനുണ്ടാക്കുന്നത്. എത്രയും വേഗം മെഡിക്കൽ കോളേജിൽ മരുന്നുകൾ എത്തിക്കാൻ അധികൃതർ തയ്യാറാകണമെന്ന് രോഗബാധിതരും ബന്ധുക്കളും ആവശ്യപ്പെട്ടു.
