മണ്ണിടിച്ചിൽ പതിവാകുന്നു, മഴ കനത്തതോടെ അപകടസാധ്യതകൾ വർധിക്കുന്നു, ദേശീയപാതയിൽ മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നു നാട്ട


മുണ്ടക്കയം: മഴക്കാലമെത്തുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത്. ദേശീയപാത 183 ൽ കോട്ടയം-കുമളി റോഡിൽ മുണ്ടക്കയം-കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും.

 

 മഴ ശക്തമായതോടെ ഇപ്പോൾ രണ്ടാം തവണയാണ് ഈ റോഡിൽ കൂറ്റൻ കല്ലുകൾ റോഡിലേക്ക് പതിക്കുന്ന സംഭാവമുണ്ടായിരിക്കുന്നത്. ഇതോടെ മേഖലയിൽ റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നുള്ള നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം ശക്തമായിരിക്കുകയാണ്. മഴക്കാലമെത്തുന്നതോടെ മുണ്ടക്കയം മുതൽ കിഴക്കൻ മേഖലകളിലേക്കുള്ള ഈ പാതയിൽ മണ്ണിടിച്ചിലും കല്ലുകൾ റോഡിലേക്ക് പതിക്കുന്നതും പതിവാണ്. ദേശീയപാതയിൽ കുട്ടിക്കാനം വരെയുള്ള മേഖലകളിൽ അപകടകരമായി ജീവന് ഭീഷണിയായി ഇത്തരത്തിൽ നിരവധി കൂറ്റൻ പാറക്കല്ലുകളാണുള്ളത്. തിങ്കളാഴ്ച രാത്രി 8.30 ഓടെ പുല്ലുപാറയിൽ കൂറ്റൻ കൽ റോഡിലേക്ക് വീണു. രാത്രിയായതിനാലും ഈ സമയം വാഹനങ്ങൾ അധികം കടന്നു വരാഞ്ഞതിനാലും വലിയൊരു അപകടമാണ് ഒഴിവായത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഈ റോഡിൽ കുട്ടിക്കാനത്തിനു സമീപം കൂറ്റൻ പറ കല്ല് അടർന്നു വീണു ബസ്സ് യാത്രക്കാരന് പരിക്കേറ്റിരുന്നു. റോഡിലേക്ക് അടർന്നു വീണ കല്ല് ബസ്സിന്‌ വശത്തേക്ക് വന്നിടിച്ചാണ് യാത്രക്കാരന് പരിക്കേറ്റത്. മൂന്നു വർഷം മുൻപ് കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് റോഡരികിൽ നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു ഒരാൾ മരിച്ചിരുന്നു.  ചെറുതും വലുതുമായ നിരവധി മണ്ണിടിച്ചിലുകളാണ് ഈ റോഡിൽ മഴക്കാലമായാൽ സംഭവിക്കുന്നത്. കനത്ത മഴയിൽ മണ്ണും പാറകളും കല്ലുകളും റോഡിലേക്ക് വീഴാനുള്ള സാധ്യത മുന്നിൽക്കണ്ട് മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.