കനത്ത മഴയിൽ പുല്ലുപാറയിൽ റോഡിലേക്ക് പതിച്ചത് ഭീമൻ കല്ല്, കുറച്ചു ദിവസങ്ങൾക്ക് മുൻപ് സമാനമായ അപകടത്തിൽ ബസ്സ് യാത്രക്കാരന് പരിക്കേറ്റിരുന്നു.


മുണ്ടക്കയം: ദേശീയപാത 183 ൽ കോട്ടയം-കുമളി റോഡിൽ മുണ്ടക്കയം പുല്ലുപാറയിൽ കനത്ത മഴയിൽ റോഡിലേക്ക് പതിച്ചത് ഭീമൻ കല്ല്. രാത്രി സമയമായതിനാലും ഈ സമയം ഇതുവഴി വാഹനങ്ങൾ ഒന്നും തന്നെ കടന്നു വരാഞ്ഞതും വലിയൊരു അപകടമാണ് ഒഴിവായത്.

 

 കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ആണ് ഭീമൻ കല്ല് റോഡിലേക്ക് പതിച്ചത്. തിങ്കളാഴ്ച രാത്രി 8.30 ഓടെ പുല്ലുപാറയിൽ ആണ് അപകടം ഉണ്ടായത്. കല്ല് റോഡിലേക്ക് പതിച്ചതോടെ റോഡിൽ ഏറെനേരം ഗതാഗത തടസ്സം ഉണ്ടായി. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഈ റോഡിൽ കുട്ടിക്കാനത്തിനു സമീപം കൂറ്റൻ പറ കല്ല് അടർന്നു വീണു ബസ്സ് യാത്രക്കാരന് പരിക്കേറ്റത്. റോഡിലേക്ക് അടർന്നു വീണ കല്ല് ബസ്സിന്‌ വശത്തേക്ക് വന്നിടിച്ചാണ് യാത്രക്കാരന് പരിക്കേറ്റത്. പോലീസും നാട്ടുകാരും ചേർന്ന് കല്ല് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മഴക്കാലമെത്തുന്നതോടെ മുണ്ടക്കയം മുതൽ കിഴക്കൻ മേഖലകളിലേക്കുള്ള ഈ പാതയിൽ മണ്ണിടിച്ചിലും കല്ലുകൾ റോഡിലേക്ക് പതിക്കുന്നതും പതിവാണ്. ദേശീയപാതയിൽ കുട്ടിക്കാനം വരെയുള്ള മേഖലകളിൽ അപകടകരമായി ജീവന് ഭീഷണിയായി ഇത്തരത്തിൽ നിരവധി കൂറ്റൻ പാറക്കല്ലുകളാണുള്ളത്. മൂന്നു വർഷം മുൻപ് കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് റോഡരികിൽ നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു ഒരാൾ മരിച്ചിരുന്നു. വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാൽ ഇതുവഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണം. കഴിയുന്നതും മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകൾ ഒഴിവാക്കണം.