എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി.


എരുമേലി: എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി മറ്റന്നൂർക്കര സ്വദേശി കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

 മധുരയ്ക്ക് സമീപം പുത്തൂരിലുള്ള ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് സുമേഷിനെ കാണാതാകുന്നത്. അന്ന് വൈകിട്ട് തന്നെ ലോഡ്ജിൽ മുറിയെടുത്തതയാണ് വിവരം. ബന്ധുക്കൾ എരുമേലി പോലീസിൽ നൽകിയ പരാതിയിൽ സൈബർ സെൽ വഴിയുള്ള അന്വേഷണത്തിൽ മൊബൈൽ നമ്പർ സിഗ്നൽ മധുരയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് എരുമേലി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ഇയാളെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംശയം തോന്നി ലോഡ്ജ് ജീവനക്കാർ ലോക്കൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കൾ മധുരയിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും. എരുമേലിയിൽ റബ്ബർ വ്യാപാരം ചെയ്തു വരികയായിരുന്നു സുമേഷ്. ഭാര്യയും പ്ലസ് ടു വിദ്യാർഥിയായ മകനും അടങ്ങുന്നതാണ് കുടുംബം. എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോകുന്നുവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത്. ഉച്ചക്ക് ഒരു മണിയോടെ ഫോൺ ഓഫ്‌ ആകുകയും പിന്നീട് ബന്ധുക്കൾ ഉൾപ്പടെയുള്ളവർ വിളിച്ചെങ്കിലും വിവരമൊന്നും ലഭിക്കാഞ്ഞതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിത്.