കോട്ടയം: രോഗിയുടെ ശരീര താപനില തണുപ്പിച്ച് അത്യപൂര്‍വ്വ ഹൃദയ-ശ്വാസകോശ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി 2 പേർക്ക് പുതുജീവൻ സമ്മാനിച്ച് കോട്ടയം മെഡിക്കൽ കോളേജ്. ഹൃദയചികിത്സാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറും സംഘവുമാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.

 

 രോഗിയുടെ ശരീര താപനില 18 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ത്തി അതിസങ്കീര്‍ണമായ അയോര്‍ട്ടിക് ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂര്‍ത്തിയാക്കിയത്. സ്വകാര്യ ആശുപത്രികളിൽ ഈ ശസ്ത്രക്രിയയ്ക്കായി 40 ലക്ഷത്തിലധികം രൂപ ചെലവ് വരുമ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി വന്നത് 2 ലക്ഷം രൂപ മാത്രം. ഡല്‍ഹിയില്‍ താമസിക്കുന്ന കെ.സി രാജുവിനും പത്തനംതിട്ട തടിയൂര്‍ സ്വദേശി ആനി ജോണിനുമാണ് ശസ്ത്രക്രിയ നടത്തിയത്. മഹാധമനിയുടെ പ്രധാന ഭാഗമായ അയോട്ടിക്ക് ആർച്ചും ശ്വാസകോശവും ഒട്ടിപ്പിടിച്ചുണ്ടായ രോഗമാണ് കെ.സി. രാജു എന്ന രോഗിക്ക് ഉണ്ടായിരുന്നത്. ഒട്ടിച്ചേർന്നഭാഗം വീർത്തുപൊട്ടുന്ന അനൂറിസം എന്ന അവസ്ഥയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു രോഗി. മഹാരക്തധമനിയുടെ ഭാഗമായ അയോട്ടിക്ക് ആർച്ചും അണുബാധ ഉണ്ടായ ശ്വാസകോശഭാഗവും മാറ്റിവെച്ചു. ഇതും കേരളത്തിൽ അത്യപൂർവമായി ചെയ്യുന്ന ശസ്ത്രക്രിയയാണ്. ഒാരോന്നിനും ആറ് മണിക്കൂർ വീതമെടുത്തു. ഒരുമണിക്കൂർവീതമാണ് ഹൃദയപ്രവർത്തനം മന്ദീഭവിപ്പിച്ചത്. ടോട്ടല്‍ അയോര്‍ട്ടിക് ആര്‍ച്ച് റീപ്ലേസ്‌മെന്റ് വിത് ലോ ബെക്ടമി എന്ന ഹൃദയ-ശ്വാസകോശ ശസ്ത്രക്രിയയായിരുന്നു ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ശരീരം തണുപ്പിച്ച് ഹൃദയ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ശ്വാസകോശ ഭാഗവും അയോര്‍ട്ടിക് ആര്‍ച്ചും മാറ്റിവെച്ചു. ധമനിയില്‍ പൊട്ടലുണ്ടാക്കുന്ന അയോര്‍ട്ടിക് ഡിസക്ഷന്‍ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു തടിയൂര്‍ സ്വദേശി ആനി. അവയവങ്ങളുടെ ഓക്‌സിജന്‍ ആവശ്യകത കുറക്കുന്നതിനാണ് ശരീരം തണുപ്പിച്ചത്. ഇതോടെ സങ്കീര്‍ണമായ അയോര്‍ട്ടിക് ശസ്ത്രക്രിയ രാജ്യത്ത് ഏറ്റവുമധികം നടത്തുന്ന കേന്ദ്രങ്ങളിലൊന്നായി കോട്ടയം മെഡിക്കല്‍ കോളജ് മാറി. ഡോ. ടി.കെ. ജയകുമാറിനൊപ്പം ഡോ. സി.എച്ച്. നിധീഷ്, ഡോ. അരവിന്ദ് പി. രാമൻ, ഡോ. സ്മാർട്ടിൻ എബ്രഹാം, ഡോ. ബി. മനൂപ്, ഡോ. ആർ. ശിവ, ഡോ. കിഷോർ, ഡോ. ജീവൻ, ഡോ. ചൈതന്യ കൃഷ്ണ, ഡോ. പി. ജോൺ, ഡോ. ആർ. സജിത്ത്, അനസ്തീസ്യ വിഭാഗത്തിലെ ഡോ. മഞ്ജുഷ എൻ. പിളൈള, ഡോ. സഞ്ജീവ് തമ്പി എന്നിവർ പങ്കാളികളായി.