സ്ത്രീശാക്തീകരണവും സാമൂഹിക നീതിയും ലക്ഷ്യമാക്കി മുന്നേറുന്ന പ്രിയദർശിനി പദ്ധതി കൂടുതൽ അവസരങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും വഴിതുറക്കട്ടെ; പ്രിയദർശിനി സ


എരുമേലി: സ്ത്രീശാക്തീകരണവും സാമൂഹിക നീതിയും ലക്ഷ്യമാക്കി മുന്നേറുന്ന പ്രിയദർശിനി പദ്ധതി കൂടുതൽ അവസരങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും വഴിതുറക്കട്ടെ എന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ എം.ജെ പറഞ്ഞു.

 

 യുഡിഎഫ് സർക്കാരിന്റെ വനിതകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയായ പ്രിയദർശിനി പദ്ധതി എരുമേലി കെഎസ്ആർടിസി ഡിപ്പോയിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ, ഐഎൻടിയുസി കെഎസ്ആർടിസി യൂണിയൻ നേതാവ് അനസ് ഷുക്കൂർ, കെഎസ്ആർടിസി ജീവനക്കാരും കോൺഗ്രസ്സ്-മഹിള കോൺഗ്രസ് പ്രവർത്തകരും രാഷ്ട്രീയ സാമൂഹിക മേഖലകളിലുള്ള നിരവധിപ്പേർ ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയുടെ ഉത്‌ഘാടന യാത്രയായി എംഎൽഎ യും യാത്രക്കാരും കോൺഗ്രസ്സ് പ്രവർത്തകരും ഓർഡിനറി ബസ്സിൽ എരുമേലി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും നഗരം ചുറ്റി സ്വകാര്യ ബസ്സ് സ്റ്റാൻഡ് വഴി തിരികെ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി. യാത്രയിൽ എംഎൽഎ യുടെ ഭാര്യ സീമയും ഒപ്പമുണ്ടായിരുന്നു. ആദ്യയാത്രയയുടെ ഓർമ്മയ്ക്കായി വനിതായാത്രക്കാർക്കൊപ്പം സെൽഫിയെടുത്ത ശേഷമാണ് എംഎൽഎ മടങ്ങിയത്. പ്രതിദിന യാത്രക്കാരായ വനിതകൾക്ക് കൂടുതൽ ഉപകാരപ്രദമായ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നതെന്ന് ഡ്രൈവർ ജോജൻ മാത്യുവും കണ്ടക്ടർ ബിന്ദുവും പറഞ്ഞു. ഉത്‌ഘാടനത്തിനു ശേഷം ബസ്സ് പൊൻകുന്നത്തേക്ക് സർവ്വീസ് നടത്തി.