ദിവസങ്ങൾ പഴക്കമുള്ള ചോറും കറികളും, പഴകിയ ചിക്കനും ബീഫും പാലും! ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കോട്ടയം നഗരത്തിലെ 9 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടി


കോട്ടയം: കോട്ടയം നരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ 9 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

 

 ബുധനാഴ്ച ആരോഗ്യ വകുപ്പ് കോട്ടയം നഗരത്തിലെ 22 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിൽ 9 ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്. ദിവസങ്ങൾ പഴക്കമുള്ള ചോറും കറികളും, പഴകിയ ചിക്കനും ബീഫും പാൽ പായ്കറ്റുകളും പിടിച്ചെടുത്തു. പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും പിടികൂടിയിട്ടുണ്ട്. പഴകിയ ഭക്ഷണം വീണ്ടും ചൂടാക്കി നൽകുകയും പുതിയ ഭക്ഷണത്തോടൊപ്പം ചേർത്ത് വിതരണം ചെയ്തിരുന്നതായും പരിശോധനയിൽ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കോട്ടയം നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളിലും ഭക്ഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങളിലും പതിവായി പരിശോധന നടത്താറുണ്ട്. പഴകിയ ഭക്ഷണങ്ങൾ പിടികൂടിയ 9 സ്ഥാപനങ്ങൾക്കെതിരെ നഗരസഭാ ആരോഗ്യവിഭാഗം പിഴ ചുമത്തി നോട്ടിസ് നൽകി. നഗരസഭാ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ ടി.എ.തങ്കം, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രവീൺ, പ്രമോദ്, സുർജിത്, ലിനീഷ്, രമ്യ, വിസ്മയ, ഹിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

*(പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത് പിഴ ചുമത്തി നോട്ടീസ് നൽകിയ സ്ഥാപനങ്ങളുടെ പേരുകൾ നഗരസഭാ ആരോഗ്യ വിഭാഗത്തിൽ നിന്നും ലഭ്യമാക്കിയിട്ടില്ല.)