കാഞ്ഞിരപ്പള്ളി: പലപ്പോഴും പ്രത്യേകതകൾക്കും അപൂർവ്വതകൾക്കും സാക്ഷ്യം വഹിക്കുന്ന നമ്മുടെ നിയമസഭയിൽ ഇപ്പോഴിതാ വീണ്ടുമൊരു അപൂർവത കൂടി. പഠിപ്പിച്ച സാറിനൊപ്പം പിള്ളേരും നിയമസഭയിൽ എത്തിയിരിക്കുകയാണ്. നിയമസഭ സന്ദർശിക്കാനല്ല, നിയമസഭാ സാമാജികരായി.

അതെ, അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബിക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട് എംഎൽഎ രമേഷ് പിഷാരടിയും വൈക്കം എംഎൽഎ കെ ബിനിമോനും ആണ് നിയമസഭ അപൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമ വേദിയായി മാറിയത്. അദ്ധ്യാപന ജീവിത കാലഘട്ടത്തിലെ എൻ്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥികളോടൊപ്പം ഒരേ പ്രസ്ഥാനത്തിൻ്റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട് എന്ന് ഇരുവരുടെയും അധ്യാപകനും കാഞ്ഞിരപ്പള്ളി എംഎൽഎ യുമായ റോണി കെ ബേബി പറഞ്ഞു. അദ്ധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ബി എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു ഇപ്പോഴത്തെ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി. അന്നേ കലയുടെ ലോകത്തായിരുന്ന പിഷാരടിയെ ക്ലാസിൽ കാണുന്നത് അപൂർവ്വമായിരുന്നു. എങ്കിലും ക്ലാസിലിരിക്കുമ്പോൾ രാഷ്ട്രതന്ത്ര ശാസ്ത്ര വിഷയത്തിൽ പുലർത്തിയ ശ്രദ്ധ, പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം എന്നിവ അത്ഭുതപ്പെടുത്തിയിരുന്നു എന്ന് റോണി കെ ബേബി ഇപ്പോഴും ഓർക്കുന്നു. കലാകാരൻ്റെ ഉള്ളിലെ രാഷ്‌ട്രീയ ബോധത്തെ അന്നുതന്നെ താൻ തിരിച്ചറിഞ്ഞിരുന്നു. ഗുരുവിൻ്റെ രാഷ്ട്രീയ വഴിയെ അതേ പ്രസ്ഥാനത്തിൻ്റെ ഭാഗമായി പ്രിയപ്പെട്ട ശിഷ്യനും നിയമസഭയിൽ എത്തുമ്പോൾ അഭിമാനമാണെന്നും റോണി കെ ബേബി പറഞ്ഞു. ഡി ബി കോളേജിലെ താൽക്കാലിക ജോലിക്കു ശേഷം നിയമനം ലഭിച്ചത് വൈക്കം കൊതവറ സെൻ്റ്. സേവ്യേഴ്സ് കോളേജിലായിരുന്നു. അവിടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്നു ബി എ ഇക്കണോമിക്സ് ഡിപ്പാർട്ട്മെൻ്റിലുണ്ടായിരുന്ന ഇപ്പോഴത്തെ വൈക്കം എംഎൽഎ കെ ബിനിമോൻ. ഇക്കണോമിക്സ് വിഷയത്തിൻ്റെ സബ്‌സിഡിയറിയായിരുന്നു താൻ പഠിപ്പിച്ച പൊളിറ്റിക്കൽ സയൻസ്. കോളേജിലെ കെ.എസ്.യു നേതാവായിരുന്നു ബിനിമോൻ. മികച്ച സംഘാടകൻ, തികഞ്ഞ പോരാളി. എതിർപക്ഷത്തിൻ്റെ കോട്ടയിൽ നിന്നും യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ചത് ഇന്നും താൻ ഓർക്കുന്നതായും റോണി കെ ബേബി പറയുന്നു. അതേ അൽഭുത വിജയം ഇത്തവണയും ബിനിമോൻ ആവർത്തിച്ചിരിക്കുന്നു. അന്നൊരിക്കൽ കെഎസ്യു സമരകാലത്ത് സമരം നയിച്ച് ക്ലാസിൽ എത്തിയ ബിനിമോനെ ക്ലാസിൽ നിന്നും ഇറക്കിവിട്ടതിൻ്റെ പേരിൽ ഇന്നും ബിനിമോൻ തന്നോട് പരിഭവം പറയാറുണ്ട് എന്നും കാഞ്ഞിരപ്പള്ളി എംഎൽആയും അധ്യാപകാനുമായ റോണി കെ ബേബി പറഞ്ഞു.
