കോട്ടയം: കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്നു സംശയം. കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നുമെത്തിയ കുമളി-കുമരകം സ്വദേശികളായ സുഹൃത്തുക്കൾക്കൊപ്പം ഹൗസ് ബോട്ടിൽ നടത്തിയ ഉല്ലാസയാത്രയ്ക്കിടെ പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും ഇവർ ഭക്ഷണം വാങ്ങി കഴിച്ചത്. സുഹൃത്തുക്കളിൽ ഒരാൾ കള്ളും ഭക്ഷണവും ഇവിടെ നിന്നും പാർസൽ വാങ്ങി ബോട്ടിൽ ഇരുന്നു ഒരുമിച്ചാണ് ഭക്ഷണം കഴിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കളെ സന്ദർശിച്ച ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. സുഹൃത്തുക്കളിൽ 6 പേർ കോട്ടയം ഭാരത് ആശുപത്രിയിൽ ചികിത്സയിലാണ്. മരണപ്പെട്ട കുമരകം സ്വദേശിയുടെ മൃതദേഹം പോസ്റ്റമോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ചികിത്സയിൽ കഴിയുന്ന 3 പേർ കുമളി സ്വദേശികളും 4 പേർ കുമരകം സ്വദേശികളാണ്. ഭക്ഷണവും കള്ളും കഴിച്ച മുഴുവൻ പേർക്കും വയറു വേദനയും ഛർദ്ധിയും വയറിളക്കവും ഉണ്ടാകുകയായിരുന്നു. കള്ളിൽ നിന്നാണോ ഭക്ഷണത്തിൽ നിന്നാണോ ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമല്ല. ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും അവരുമായി സംസാരിച്ചതായും വി എൻ വാസവൻ പറഞ്ഞു. പോസ്റ്റമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
