കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമായി മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ ഒരു ബ്ലോക്കിൽ നിന്നും മറ്റൊരു ബ്ലോക്കിലേക്കെത്താൻ ഇനി മുതൽ സൗജന്യ ഇലക്ട്രിക് ഓട്ടോ സേവനം ലഭ്യമാകും.

ഏറ്റുമാനൂർ മുൻ എംഎൽഎ വി എൻ വാസവന്റെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ അത്യാഹിത വിഭാഗത്തിന് കൈമാറി. ആശുപത്രിക്കുള്ളിൽ രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരു ബ്ലോക്കിൽ നിന്നും മറ്റൊന്നിലേക്ക് കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ട് ഇതോടെ വലിയൊരളവിൽ പരിഹരിക്കപ്പെടും. മൂന്ന് ഇലക്ട്രിക്ഓട്ടോകളാണ് സർവ്വീസ് നടത്തുന്നത്. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് സർവീസ്. നിലവിൽ രോഗികൾക്ക് സഞ്ചരിക്കാനുള്ള ബഗ്ഗി കാർ സംവിധാനത്തിന് പുറമേ ആണ് മൂന്ന് ഇലക്ട്രിക് ഓട്ടോകളുടെ സേവനം കൂടി ലഭ്യമാക്കിയിരിക്കുന്നത്. മുൻ എംഎൽഎ വി എൻ വാസവൻ എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച 9,99,100 രൂപ ചെലവഴിച്ചാണ് മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിലെ സർവീസിന് മൂന്ന് ഓട്ടോറിക്ഷകൾ സജ്ജമാക്കിയത്. ഒന്നരമാസം മുമ്പേ ഓട്ടോറിക്ഷകൾ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. ഇതിന്റെ പ്രവർത്തനം കുടുംബശ്രീയുടെ നേതൃത്വത്തിലായിരിക്കും.
