കോട്ടയം: എബോള വൈറസ് സംശയത്തെത്തുടർന്ന് സൗത്ത് സുഡാനിൽ നിന്നെത്തിയ സ്ത്രീ കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ.

സൗത്ത് സുഡാനിൽ നിന്നെത്തിയ പാലാ വലവൂർ സ്വദേശിനിയായ അമ്പത്തിരണ്ട് വയസ്സുകാരിയായ സ്ത്രീയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത്. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് കേരളത്തിലെത്തിയത്. പനിയും ഛർദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ടായിരുന്ന ഇവരെ ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കണക്ഷൻ ഫ്ലൈറ്റിന് ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു. യാത്ര കഴിഞ്ഞെത്തിയതിനു പിന്നാലെ കടുത്ത ഛർദിയും ഷുഗർ ഉയർന്ന നിലയിലുമായിരുന്നു. രാത്രി പതിനൊന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാംപിള്‍ ഫലം ലഭിച്ചാല്‍ മാത്രമേ എബോളയാണോയെന്ന് സ്ഥിരീകരിക്കാനാകൂ. തുടര്‍ചികിത്സ ഉള്‍പ്പെടെ തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റ് രോഗലക്ഷണങ്ങളൊന്നും ഇവർക്കില്ല എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്ഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
