കോട്ടയം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച 21 അംഗ പൂർണ്ണ മന്ത്രിസഭ അധികാരമേൽക്കും. മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാൻ ഇന്ന് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും. ഇന്ന് വൈകുന്നേരത്തോടെ പുതിയ മന്ത്രിസഭയിലെ മന്ത്രിമാർ ആരൊക്കെയെന്നറിയാൻ സാധിക്കും.

നാളെ ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവര്‍ണർക്ക് കൈമാറാനും ധാരണയായി. അതേസമയം കോട്ടയം ജില്ലയിൽ നിന്നും പുതിയ യുഡിഎഫ് മന്ത്രിസഭയിലേക്ക് ഉയർന്നു വരുന്നത് 4 പേരുകൾ ആണ്. മുതിർന്ന കോൺഗ്രസ്സ് നേതാവും കോട്ടയം എംഎൽഎ യുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവും കടുത്തുരുത്തി എംഎൽഎ യുമായ മോൻസ് ജോസഫ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎ യുമായ ചാണ്ടി ഉമ്മൻ, പാലാ എംഎൽഎ മാണി സി കാപ്പൻ എന്നിവരുടെ പേരുകളാണ് നേതൃത്വത്തിന്റെ മുൻപിൽ പരിഗണനയിലുള്ളത്. യുഡിഎഫ് പത്തു വർഷത്തിന് ശേഷം അധികാരത്തിലെത്തുമ്പോൾ പ്രതീക്ഷയിലാണ് കോട്ടയം.
