കനത്ത മഴയിൽ പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂളിന്റെ അപകടാവസ്ഥയിലായിരുന്ന മതിലിന്റെ ഒരു ഭാഗം റോഡിലേക്ക് ഇടിഞ്ഞു വീണു.


പൊൻകുന്നം: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ പൊൻകുന്നം ഗവൺമെന്റ് ഹൈസ്കൂളിന്റെ അപകടാവസ്ഥയിലായിരുന്ന മതിലിന്റെ ഒരു ഭാഗം റോഡിലേക്ക് ഇടിഞ്ഞു വീണു. ശനിയാഴ്ച രാവിലെയാണ് മതിലിന്റെ ഒരു ഭാഗം ദേശീയ പാതയിലേക്ക് ഇടിഞ്ഞു വീണത്.

 

 ഈ സമയം ഇതുവഴി വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. നാളുകളായി സ്‌കൂളിന്റെ സംരക്ഷണ മതിൽ അപകടാവസ്ഥയിലായിരുന്നു. ഇതേതുടർന്ന് മതിൽ അപകടാവസ്ഥയിലാണെന്നും സൂക്ഷിക്കണമെന്നും സ്‌കൂൾ അധികൃതർ മതിലിൽ മുന്നറിയിപ്പ് ബോർഡ് വെച്ചിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ നവകേരളാ സദസ്സിനു വേണ്ടി മതിലിന്റെ ഒരു ഭാഗം പൊളിച്ചു നീക്കുകയും സ്‌കൂളിലേക്കുള്ള റോഡ് വെട്ടി താഴ്ത്തുകയും ചെയ്തിരുന്നു. ഇതാണ് മതിലിന്റെ ബലക്ഷയത്തിനു കാരണമായത്. റോഡിന്റെ വീതി കുറഞ്ഞ ഭാഗത്തേക്കാണ് മതിൽ ഇടിഞ്ഞു വീണിരിക്കുന്നത്. ഈ മേഖലയിൽ വളവ് കൂടിയായതിനാൽ കാൽനട യാത്രികരുൾപ്പടെ ഭീതിയോടെയായിരുന്നു ഇതുവഴി സഞ്ചരിച്ചിരുന്നത്. എത്രയും വേഗം അപകടാവസ്ഥയിലായ മതിൽ പൊളിച്ചു മാറ്റി പുനർനിർമ്മിക്കണമെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.