കോട്ടയം മെഡിക്കൽ കോളജിലെ പന്ത്രണ്ടാമത് ഹൃദയമാറ്റ ശസ്ത്രക്രിയയും വിജയകരം, അരുൺ വീട്ടിലേക്ക് മടങ്ങി.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി സമ്മാനിച്ചു മെഡിക്കൽ കോളജിലെ പന്ത്രണ്ടാമത് ഹൃദയ മാറ്റ ശസ്ത്രക്രിയയും വിജയകരം. കോട്ടയം കുമരകം സ്വദേശിയായ അരുൺ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ്ക്ക് ശേഷം ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങി.

 

 തുടർപരിചരണം ആവശ്യം ആയതിനാൽ മെഡിക്കൽ കോളേജിന് സമീപം ഒരു വാടകവീട് എടുത്ത് താമസിക്കും. തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൃഷ്ണലാൽ (33) ന്റെ ഹൃദയമാണ് ഹൃദ്രോഗത്തോട് പൊരുതി ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ അരുൺ ഷാജി സ്വീകരിച്ചത്. കുമരകം സ്വദേശിയായ കുന്നത്തുകളത്തിൽ അരുൺ ഷാജി 1997 മുതൽ ഹൃദയസംബന്ധമായ രോഗബാധിതനായിരുന്നു. രണ്ട് തവണ ഹൃദയ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും സുഖം പ്രാപിക്കാഞ്ഞതിനാൽ ഹൃദയം മാറ്റിവെക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. അരുണിന് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ ഫണ്ട് ശേഖരണം നടത്തിയിരുന്നു. മന്ത്രി വി എൻ. വാസവൻ നേരിട്ട് ഇതിന് മുൻകൈ എടുക്കുകയും ആദ്യ സംഭാവനയായി 50,000 രൂപ നൽകുകയും ചെയ്‌തു. നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്താൽ 14 ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്. 1997ലാണ് റുമാറ്റിക് ഹാർട്ട് ഡിസീസ് എന്ന ഹൃദയത്തിന്റെ വാൽവുകളെ തകരാറിലാക്കുന്ന അസുഖം കണ്ടുപിടിക്കുന്നത്. 2006ൽ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഹൃദയത്തിന്റെ മൈട്രൽ വാൽവ് റിപ്പയർ എന്ന ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു‌. 2012ൽ വീണ്ടും നടത്തിയ ശസ്ത്രക്രിയയിലൂടെ മൈട്രൽ വാൽവ് മാറ്റി കൃത്രിമ വാൽവ് വയ്ക്കുകയും ചെയ്തു രണ്ട് ഹൃദയ ശസ്ത്രക്രിയകൾക്ക് ശേഷവും ഹൃദയത്തിന്റെ ഭിത്തിയുടെ വലുപ്പം കൂടുകയും ആരോഗ്യ നില അതീവ ഗുരുതരമാവുകയും ചെയ്തു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് പരിഹരിക്കാൻ സാധിക്കുകയുള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

Next
This is the most recent post.
Previous
Older Post